ന്യൂദൽഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്. അവർ പാകിസ്ഥാന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിച്ചിരുന്നുവെന്ന് അവരുടെ മൊഴികളിൽ നിന്നും വ്യക്തമാകുന്നു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായും മൊഴി നൽകി.
ജ്യോതി മൽഹോത്രയുടെ കുറ്റസമ്മതം
“എനിക്ക് “ട്രാവൽ വിത്ത്-ജോ” എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട്. എനിക്ക് ഒരു പാസ്‌പോർട്ട് ഉണ്ട്. , 2023 ൽ പാകിസ്ഥാനിലേക്ക് പോകാനുള്ള വിസ ലഭിക്കാൻ ഞാൻ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ദൽഹിയിൽ പോയി. അവിടെ വെച്ചാണ് ഞാൻ ഡാനിഷ് എന്ന അഹ്‌സാൻ-ഉർ-റഹീമിനെ കണ്ടത്. ഡാനിഷിന്റെ മൊബൈൽ നമ്പർ ഞാൻ എടുത്തു, പിന്നീട് ഞാൻ അയാളോട് സംസാരിക്കാൻ തുടങ്ങി.
“ഡാനിഷിന്റെ നിർദ്ദേശപ്രകാരം ഞാൻ രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയി. ഡാനിഷിന്റെ പരിചയക്കാരനായ അലി ഹസനെ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഞാൻ കണ്ടു. അവിടെ വെച്ച് അലി ഹസൻ എന്റെ താമസത്തിനും യാത്രയ്‌ക്കും വേണ്ട ക്രമീകരണങ്ങൾ ചെയ്തു. പാകിസ്ഥാനിൽ വെച്ച് അലി ഹസൻ പാകിസ്ഥാൻ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായുള്ള എന്റെ കൂടിക്കാഴ്ച സംഘടിപ്പിച്ചു. അവിടെ വെച്ചാണ് ഞാൻ ഷാക്കിറിനെയും റാണ ഷഹബാസിനെയും കണ്ടത്,” – ജ്യോതി തന്റെ കുറ്റസമ്മതത്തിൽ പറഞ്ഞു.
കൂടാതെ “ആരും സംശയിക്കാതിരിക്കാൻ ഞാൻ ഷാക്കിറിന്റെ മൊബൈൽ നമ്പർ എടുത്ത് “ജാട്ട് രൺധാവ” എന്ന പേരിൽ എന്റെ മൊബൈലിൽ സേവ് ചെയ്തു. പിന്നീട് ഞാൻ ഇന്ത്യയിലേക്ക് തിരിച്ചു. ഇതിനുശേഷം, വാട്ട്‌സ്ആപ്പ്, സ്‌നാപ്പ് ചാറ്റ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി എല്ലാവരുമായും നിരന്തരം ബന്ധം പുലർത്തുകയും ദേശവിരുദ്ധ വിവരങ്ങൾ കൈമാറാൻ തുടങ്ങുകയും ചെയ്തു. ദൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ ഓഫീസർ ഡാനിഷിനെ ഞാൻ പലതവണ കണ്ടുമുട്ടി.” ജ്യോതി തന്റെ കുറ്റസമ്മതത്തിൽ പറഞ്ഞു.
34 വയസ്സുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയെ കഴിഞ്ഞ ആഴ്ച ഹിസാർ പോലീസ് ന്യൂ അഗ്രസെൻ കോളനിയിൽ നിന്നാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചുവെന്നും ഇന്ത്യാ വിരുദ്ധ ആഖ്യാനം പ്രചരിപ്പിച്ചുവെന്നുമാണ് ഇവർക്കെതിരെയുള്ള കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക