പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്തന്നെ കേരളത്തില്‍ ഒരു സമരമുഖം തുറന്നിരിക്കുന്നു. പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ലംപ്‌സം ഗ്രാന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ കാലങ്ങളായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കേരളത്തിലെ ഹിന്ദുസംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തുന്നു. ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കര്‍മ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ സമുദായ സംഘടനാ നേതാക്കളും ഒരുമിച്ച് ഇന്ന് എല്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും മാര്‍ച്ചും ധര്‍ണയും നടത്തും. നവകേരളത്തിലേക്ക് പുതുവഴി എന്ന പ്രഖ്യാപനവുമായി പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷം കൊണ്ടാടുന്ന കാലത്താണ് സാമൂഹ്യനീതിക്കായി പ്രക്ഷോഭം ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ വനവാസി യുവാവ് മധു മുതല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ കൊടിയ പീഡനം നേരിടേണ്ടിവന്ന ദളിത് യുവതി ബിന്ദു വരെയുള്ളവര്‍ ഈ സര്‍ക്കാരിന്റെ നെറികെട്ട ഇരട്ടമുഖമാണ് പുറത്തുകൊണ്ടുവരുന്നത്. നവോത്ഥാനമെന്നും പുരോഗമനമെന്നുമൊക്കെയുള്ള ഓമനപ്പേരുകള്‍ക്കുള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന ധാര്‍ഷ്ട്യവും വിവേചനവുമാണ് ഈ സംഭവങ്ങള്‍ വിളിച്ചു പറയുന്നത്. പരാതി പറയാന്‍ പോലും ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പെരുമാറ്റത്തില്‍ നിന്ന് പ്രകടമാണ്.
വിദ്യാഭ്യാസ മേഖലയില്‍ വലിയ വഞ്ചനയാണ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്നതെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആനുകൂല്യങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീക്കിവച്ച ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയത് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്. ലംപ്‌സംഗ്രാന്റും സ്‌കോളര്‍ഷിപ്പും അടക്കമുള്ള ആനുകൂല്യങ്ങള്‍ ആറ് വര്‍ഷമായി കുടിശ്ശികയാണ്. ഇ -ഗ്രാന്റ് ലഭിക്കുന്നില്ല. ഹോസ്റ്റല്‍ ഫീസ് ലഭിക്കുന്നില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാലയ വികാസ് നിധി എന്ന പേരില്‍ അടച്ച പണം പോലും വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്കിയിട്ടില്ല. 3.60 കോടി രൂപയാണ് ഈയിനത്തിലുള്ളത്. ഗ്രാന്റുകള്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിയതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. കോഴ്സുകള്‍ കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും കിട്ടാത്തതിനാല്‍ കോളജ് അധികൃതര്‍ ടിസി നല്‍കുന്നില്ല. ഹാള്‍ടിക്കറ്റുകളും റിസള്‍ട്ടും തടഞ്ഞുവെക്കുന്നതും സാധാരണമാണ്.
2017-18 ല്‍ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ത്ഥികളില്‍ പത്ത് ശതമാനത്തിനും 2020- 21ല്‍ പ്രവേശനം നേടിയ 4.12 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 12 ശതമാനത്തിനും ലംപ്
സംഗ്രാന്റ് നല്‍കിയിട്ടില്ല. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളുടെ അപര്യാപ്തതകള്‍ പരിഹരിക്കാനും നടപടിയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും
പരിഹാരം കാണാനും പഴയതുപോലെ വിദ്യാര്‍ത്ഥി സംഘടനകളോ അദ്ധ്യാപക സംഘടനകളോ രംഗത്തിറങ്ങാത്തതും അനീതിയുടെ ആഴം കൂട്ടിയിട്ടുണ്ട്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ നേരിടുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മുന്നേറുന്നതിന് വേണ്ടി ഭരണഘടന നല്കിയ അവകാശങ്ങളാണ് കേരളത്തില്‍ പരസ്യമായി അവഗണിക്കുന്നത്. സര്‍ക്കാര്‍ പറയുന്ന നവകേരളത്തിന്റെ ഈ പുതുവഴിയില്‍ എങ്ങോട്ടെന്ന് അറിയാതെ ഗതികെട്ട് നില്ക്കുന്ന ഒരു സമൂഹമാണ് നിവേദനവും മാര്‍ച്ചും ധര്‍ണയുമായി രംഗത്തിറങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ വിവേചനം നടമാടുന്നതെവിടെയാണെന്നതിന്റെ ഉത്തരമാണിതെല്ലാം. സാമൂഹ്യനീതിക്ക് വേണ്ടി നടക്കുന്ന ഈ പ്രക്ഷോഭം സര്‍ക്കാരിന്റെ മാത്രമല്ല, അനാവശ്യ വിവാദങ്ങളില്‍ കുടുങ്ങി ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുന്നവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: