India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യക്കാരി ജ്യോതി മല്‍ഹോത്രയെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി

പാകിസ്ഥാന് വേണ്ടി ചാരപ്രവര്ത്തനം നടത്തിയതിന്‍റെ പേരില്‍ അറസ്റ്റിലായ ഹരിയാനക്കാരിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളും യാത്രാമാപ്പും വിശദമായി അന്വേഷിച്ചുവരികയാണ്.

Published by

ന്യൂദല്‍ഹി:  പാകിസ്ഥാന് വേണ്ടി ചാരപ്രവര്ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഹരിയാനക്കാരിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളും യാത്രാമാപ്പും വിശദമായി അന്വേഷിച്ചുവരികയാണ്.

ഓഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ഭാരതീയ ന്യായ് സംഹിത എന്നീ നിയമങ്ങള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനും ചൈനയ്‌ക്കും പുറമെ മറ്റ് ചില രാജ്യങ്ങളും ഇവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ക്രമം തയ്യാറാക്കി വരികയാണ്. അവരുടെ നിലവിലെ വരുമാനവും വിദേശയാത്രാച്ചെലവും തമ്മില്‍ പൊരുത്തക്കേടുണ്ട്. എവിടെ നിന്നാണ് ഇത്രയും ആഡംബരമായി യാത്രചെയ്യാനുള്ള പണത്തിന്റെ ഉറവിടം എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ട്രാവല്‍ വിത് ജോ എന്ന ഇവരുടെ യൂട്യൂബ് ചാനലിന് 3.87 ലക്ഷം ഫോളോഴേഴ്സാണ് ഉള്ളത്. ഇവരുടെ വീഡിയോകള്‍ക്കുള്ള വ്യൂസ് കണക്കാക്കിയാല്‍ ഇവര്‍ക്ക് മാസം 40000 രൂപയ്‌ക്കും ഒരു ലക്ഷത്തിനും ഇടയിലേ യൂട്യൂബില്‍ നിന്നും വരുമാനം ലഭിക്കാന്‍ സാധ്യതയുള്ളൂ. അങ്ങിനെയുള്ള ഒരാള്‍ക്ക് ഇത്രയ്‌ക്കധികം ചെലവുകള്‍ നടത്തി യാത്ര ചെയ്യാന്‍ കഴിയില്ല.

ഇവരുടെ ലാപ് ടോപ് ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കുകയാണ്. ജ്യോതി മല്‍ഹോത്രയുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ഈ കേസില്‍ ചോദ്യം ചെയ്യും. ജ്യോതിയെ ഒരു വിലപിടിച്ച സ്വത്തായി പാകിസ്ഥാനിലെ ചാരസംഘടനയുടെ ഏജന്‍റുമാര്‍ വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു. അതിനുള്ള സ്മാര്‍ട്നെസ്സും മാദകസൗന്ദര്യവും അവര്‍ക്കുണ്ടായിരുന്നു. പുരുഷന്മാരില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അവര്‍ക്ക് കഴിയുമെന്ന് പാകിസ്ഥാന്‍ ചാരസംഘടനയുടെ ഏജന്‍റുമാര്‍ കരുതിയിരുന്നുവെന്ന് ഹരിയാനയിലെ ഹിസാറിലെ എസ് പി പറയുന്നു.

“സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനെ വശീകരിച്ച് ഉപയോഗപ്പെടുത്തുന്നത് ഒരു ആധുനിക യുദ്ധതന്ത്രമാണ്. ഇന്ന് യുദ്ധം എന്നത് ആയുധങ്ങള്‍ കൊണ്ട് മാത്രമല്ല നടക്കുന്നത്.”- ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്ത ഹിസാര്‍ എസ് പി പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക