കാന്‍: ‘കരോലിന്‍ യൂണിവേഴ്‌സ്’ ഡിന്നറിലെ ചുവന്ന പരവതാനിയില്‍ മോദി നെക്ലേസ് ധരിച്ചെത്തിയ അഭിനേത്രിയും മോഡലുമായ രുചി ഗുജ്ജാറാണ് ഇപ്പോള്‍ കാനിലെ സംസാരവിഷയം. പരമ്പരാഗത രാജസ്ഥാനി മോട്ടിഫുകള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത മാലയില്‍ മോദിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പെന്‍ഡന്റുകളായിരുന്നു സവിശേഷത. ഇത് തല്‍ക്ഷണം വൈറലായി.
ഇന്ത്യന്‍ കരകൗശല വൈദഗ്ധ്യം എടുത്തുകാട്ടുന്ന ദുപ്പട്ടയിലെ എംബ്രോയ്ഡറിക്കും കണ്ണാടി വര്‍ക്കുകള്‍ക്കുമപ്പുറം മോദി പെന്‍ഡന്റുകള്‍ ശ്രദ്ധപിടിച്ചുപറ്റി. ‘ ഈ നെക്ലേസ് കേവലം ആഭരണം മാത്രമല്ല, കാഴ്ചപ്പാടിന്റെയും ലോക വേദിയിലെ ഇന്ത്യയുടെ ഉയര്‍ച്ചയുടെയും പ്രതീകമാണ്. കാനില്‍ ഇത് ധരിച്ചതിലൂടെ, ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച നമ്മുടെ പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു’ രുചി ഗുജ്ജാര്‍ ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞു. ‘ഈ ദുപ്പട്ട ധരിക്കുമ്പോള്‍ രാജസ്ഥാന്റെ ആത്മാവിനെ വരയ്‌ക്കുന്നതുപോലെ തോന്നി’.
‘പ്രധാനമന്ത്രി മോദി ലോകമെമ്പാടും ഇന്ത്യയുടെ പ്രതിച്ഛായ പുനര്‍നിര്‍വചിച്ചു. ആ അഭിമാനം എന്നോടൊപ്പം കാനിലെത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഈ നെക്ലേസ് അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള എന്റെ ആദരവാണ്’. അവര്‍ പറഞ്ഞു.
ജയ്പൂരിലെ മഹാറാണി കോളേജില്‍ നിന്ന് ബിരുദം നേടിയ രുചി ഗുജ്ജാര്‍ പിന്നീട് മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോള്‍ മോഡലിംഗും അഭിനയവുമാണ് മുഖ്യകരിയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: