കൊല്ലം: ബിരിയാണിക്കൊപ്പം സാലഡ് വിളമ്പാത്തതിനെ ചൊല്ലി കൊല്ലത്ത് വിവാഹവീട്ടിൽ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികൾ തമ്മിലാണ് അടിയുണ്ടായത്. നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ തട്ടാമല പിണയ്‌ക്കലിനോട് അടുത്തുള്ള രാജധാനി ഓഡിറ്റോറിയത്തിലാണ് സംഭവം.
വിവാഹസദ്യയ്‌ക്കൊടുവിൽ കേറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കൂട്ടത്തിൽ ചിലർക്ക് സാലഡ് കിട്ടാഞ്ഞതിനെത്തുടർന്ന് വാഗ്വാദമുണ്ടാകുകയും ഒടുവിൽ കൂട്ട അടിയിൽ കലാശിക്കുകയുമായിരുന്നു. യുവാക്കൾ ഇരുചേരികളിലായി പരസ്പരം മർദിച്ചു. പരുക്കേറ്റവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്.എച്ച്.ഒ ആർ. രാജീവ് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയക്കുകയും ചെയ്തു. കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവം ഈയടുത്താണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: