മലപ്പുറം: കൂരിയാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം. വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് പൊലീസ് താത്കാലികമായി തടഞ്ഞു. കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങള്‍ തലപ്പാറയില്‍ നിന്ന് ചെമ്മാട് റോഡിലൂടെ തിരൂരങ്ങാടിയിലൂടെ കക്കാട് വെച്ച് ദേശീയപാതയില്‍ കടക്കാം.കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടപ്പെട്ടു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം വഴി കക്കാട് വഴി പോകണം.
കോഴിക്കോട് തൃശൂര്‍ ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകര്‍ന്നത്. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണു. സര്‍വീസ് റോഡിലൂടെ പോയ കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.
റോഡ് ഇടിഞ്ഞ് വീണ് അപകടത്തില്‍ പെട്ടത് മൂന്ന് കാറുകളാണ്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു.ആളപായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക