India

അറ്റാദായം 32 ശതമാനം വര്‍ധിച്ച് 2956 കോടി രൂപയില്‍ എത്തി; ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കുതിപ്പില്‍

2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം സാമ്പത്തിക പാദത്തിലെ അറ്റാദായം 32 ശതമാനം വര്‍ധിച്ച് 2956 കോടി രൂപയില്‍ എത്തിയതോടെ ഇന്ത്യന്‍ ബാങ്കിന്‍റെ ഓഹരികള്‍ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്‍കുതിപ്പ്.

Published by

മുംബൈ: 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം സാമ്പത്തിക പാദത്തിലെ അറ്റാദായം 32 ശതമാനം വര്‍ധിച്ച് 2956 കോടി രൂപയില്‍ എത്തിയതോടെ ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്‍കുതിപ്പ്.

മെയ് 13ന് 574 രൂപയില്‍ നിന്ന ഓഹരി വില മെയ് 19ന് 616 രൂപയിലേക്കാണ് കുതിച്ചത്. ഏകദേശം 42 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതിന് പ്രധാന കാരണം ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തിലുള്ള കുതിപ്പ് തന്നെ.

കിട്ടാക്കടത്തില്‍ ബാങ്കിന് വലിയ ആശ്വാസമുണ്ടായി. 36 ശതമാനത്തോളമാണ് കിട്ടാക്കടം കുറഞ്ഞത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം സാമ്പത്തിക പാദത്തില്‍ 1247 കോടി രൂപയുണ്ടായിരുന്ന കിട്ടാക്കടം 2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം സാമ്പത്തിക പാദത്തില്‍ 794 കോടി രൂപയായി കുറഞ്ഞു. കിട്ടാക്കടത്തിന്റെ കാര്യത്തില്‍ 86 ബേസിസ് പോയിന്‍റിന്റെ കുറവുണ്ടായി.

അറ്റ പലിശ മാര്‍ജിനില്‍ നേരിയ കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം സാമ്പത്തിക പാദത്തില്‍ 3.44 ശതമാനമുണ്ടായിരുന്ന അറ്റ പലിശ മാര്‍ജിന്‍ ഇപ്പോള്‍ 3.37 ശതമാനമായി താഴ്ന്നു. അറ്റ പലിശ വരുമാനം ആറ് ശതമാനം ഉയര്‍ന്ന് 6389 കോടി രൂപയായി.

ഓഹരിയുടമകള്‍ക്ക് ലാഭവീതമായി ഒരു ഓഹരിക്ക് 16.25 രൂപ നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. നാലാം സാമ്പത്തിക പാദത്തിലെ പലിശ വരുമാനത്തിലും വര്‍ധനവുണ്ടായി. അത് 8.5 ശതമാനം വര്‍ധിച്ച് 15856 കോടി രൂപയില്‍ എത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by