ന്യൂദല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനോടനുബന്ധിച്ച് മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്താമെന്ന് സുപ്രീംകോടതി.മേല്‍നോട്ടസമിതി ശുപാര്‍ശ ചെയ്ത അറ്റകുറ്റപ്പണികള്‍ കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടത്തണം. അണക്കെട്ടില്‍ അറ്റകുറ്റ പണികള്‍ നടത്തണമെന്ന് നേരത്തേ തമിഴ്‌നാട് സത്യവാംഗ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കേരളമോ തമിഴ്‌നാടോ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.മേല്‍നോട്ട സമിതിയുടെ മിനിറ്റ്‌സിന്റെ പകര്‍പ്പ് പരിശോധിച്ചാല്‍ കേരളവും തമിഴ്‌നാടും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അതിനുശേഷം തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും അണക്കെട്ടിലെ അറ്റകുറ്റ പണികള്‍ നടത്തിയാല്‍ ജല നിരപ്പ് 152 അടി വരെയായി ഉയര്‍ത്താമെന്നും ചൂണ്ടിക്കാട്ടി തമിഴ്‌നാട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചിരുന്നു.മരങ്ങള്‍ മുറിക്കാന്‍ മുമ്പ് നല്‍കിയ അനുമതി കേരളം പിന്നീട് പിന്‍വലിച്ചുവെന്നും തമിഴ്നാടിന്റ സത്യവാംഗ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ച സുപ്രീംകോടതി, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതിയുടെ യോഗത്തിന്റെ മിനിട്സിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേരളത്തിനും തമിഴ്നാടിനും നിര്‍ദേശം നല്‍കിയെങ്കിലും അത് നടപ്പാക്കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: