ആലപ്പുഴ: നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചതെന്ന് സിപിഎം നേതാവ് ജി സുധാകരൻ. താൻ പറഞ്ഞതിന് എന്താണ് തെളിവുള്ളതെന്നും തനിക്കെതിരെ കേസെടുത്ത പോലീസ് ആണ് പുലിവാൽ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. തപാൽ വോട്ട് വിവാദത്തിൽ കേസെടുത്ത പോലീസ് നടപടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
പോലീസ് അറസ്റ്റ് ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണ് താൻ. താൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് പോലീസ് കോടതിയിൽ പറയട്ടെ എന്നും സുധാകരൻ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയ്‌ക്കായി അപേക്ഷിക്കുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. തനിക്കെതിരെ കേസെടുത്തത് തെറ്റായിപ്പോയി എന്ന് മുൻ ജസ്റ്റിസ് കമാൽ പാഷ വരെ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ അഭിഭാഷകർ വരെ തനിക്കൊപ്പമാണ് എന്നും സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരന്‍ നടത്തിയിരിക്കുന്നത്. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സുധാകരനെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: