ബീജിങ്: ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു. ചൈന, തായ്ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ മെയ് ആദ്യവാരത്തില്‍ പതിനായിരക്കണക്കിന് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹോങ്കോങ്ങില്‍ കോവിഡ്-19 ന്റെ പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ 12% ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിംഗപ്പൂരില്‍ മെയ് മാസത്തിലെ ആദ്യത്തെ ആഴ്ചയില്‍ കോവിഡ് കേസുകളില്‍ 28% വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയില്‍ 14,200 കൊവിഡ് കേസുകളാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഏകദേശം 30% വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോങ്ങ്ക്രാന്‍ ഉത്സവത്തിനുശേഷം തായ്ലന്‍ഡിലും കൊവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും പ്രതിരോധശേഷി കുറയുന്നതാണ് പ്രശ്‌നമെന്നാണ് ആരോഗ്യവിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.
പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായവരിലാണ് കേസുകള്‍ ഗുരുതരമാകുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: