ന്യൂദല്‍ഹി: ദല്‍ഹി ആം ആദ്മിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍ നിന്നു രാജിവച്ചവര്‍ ചേര്‍ന്ന് ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ആപ് കക്ഷി നേതാവ് മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണു പുതിയ നീക്കം.
എംഡിസിയിലെ 13 കൗണ്‍സിലര്‍മാര്‍ ആപില്‍ നിന്നു രാജിവയ്‌ക്കുകയും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് ആപില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ഇതാണ് കൂട്ടരാജിയിലേക്കും പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിലേക്കും നയിച്ചത്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഭാഗമായി മുന്‍ മന്ത്രി സൗരഭ് ഭരദ്വാജിനെ മാര്‍ച്ചില്‍ ദല്‍ഹി സംസ്ഥാന പ്രസിഡന്റായി നിയമിച്ചിരുന്നു. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് പഞ്ചാബിന്റെ ചുമതലയും നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അവസാനിച്ചില്ലെന്നാണ് നിലവിലെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 25ലെ മേയര്‍, ഡെ. മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം, ബിജെപി തിരിച്ചുപിടിച്ചിരുന്നു. ബിജെപിയുടെ രാജാ ഇക്ബാല്‍ സിങ്ങിനെ മേയറായും ജയ് ഭഗവാന്‍ യാദവിനെ ഡെപ്യൂട്ടി മേയറായും അന്നു തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നിരവധി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടതോടെ ആപിനു ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോഴായിരുന്നു മേയര്‍, ഡെ. മേയര്‍ സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ്. ഭൂരിപക്ഷമില്ലാത്തതിനാല്‍ ആപ് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നിരുന്നു.
ഫെബ്രുവരിയിലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷ് ഗോയല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസുകാരനായിരുന്ന ഗോയല്‍ 2021ലാണ് ആപില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക