ആലപ്പുഴ: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ താല്ക്കാലിക ശാന്തിക്കാരന്‍ അറസ്റ്റില്‍.എഴുപുന്ന തെക്ക് വളപ്പനാടി വിഷ്ണുവിനെയാണ് (35) അരൂര്‍ പൊലീസ് പിടികൂടിയത്.
എഴുപുന്ന കണ്ണന്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താല്ക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. കഴിഞ്ഞ ഏപ്രില്‍ 14 ന് വിഷുദിനത്തിലും മേയ് 15നും മാത്രമാണ് ക്ഷേത്രത്തില്‍ ജോലി ചെയ്തത്. ഈ രണ്ടു ദിവസങ്ങളിലും രണ്ട് വിഗ്രഹങ്ങളിലായി ചാര്‍ത്തിയിരുന്ന സ്വര്‍ണമാലയില്‍ നിന്ന് കണ്ണികള്‍ ഇളക്ക് മാറ്റി ബാക്കിയുള്ള ഭാഗം നൂലുകൊണ്ട് കെട്ടി യോജിപ്പിച്ച് വിഗ്രഹത്തില്‍ തന്നെ ചാര്‍ത്തി.
തിരുവാഭരണങ്ങള്‍ തിരികെ ദേവസ്വം ഓഫീസില്‍ നല്‍കിയപ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് അരൂര്‍ പൊലീസില്‍ പരാതി നല്‍കി.പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
പ്രതി വില്പന നടത്തിയ സ്വര്‍ണം എരമല്ലൂര്‍, ചാവടി എന്നിവിടങ്ങളിലെ ജുവലറിയില്‍ പൊലീസ് കണ്ടെടുത്തു. 11 വര്‍ഷം മുമ്പ് ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാല പൊട്ടിക്കല്‍ കേസില്‍ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: