ആലപ്പുഴ: തീരദേശ പാത ഇരട്ടിപ്പിക്കലിലെ തടസങ്ങള്‍ നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു.
എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ 4.20 ഹെക്ടര്‍ ഭൂമിയില്‍ 2.95 ഹെക്ടര്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് കൈമാറിയിരുന്നു. ശേഷിക്കുന്ന ഭൂമി ഈ മാസാവസാനത്തോടെ കൈമാറും. കുമ്പളം-തുറവൂര്‍ മേഖലയിലെ 10.30 ഹെക്ടര്‍ ഭൂമി ആവശ്യമായതില്‍ 9.43 ഹെക്ടര്‍ കൈമാറി. ശേഷിക്കുന്ന ഭൂമിയും ഈ മാസത്തോടെ ലഭ്യമാക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
തുറവൂര്‍-അമ്പലപ്പുഴ മേഖലയിലെ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ വിശദമായ പദ്ധതി രേഖയും എസ്റ്റിമേറ്റും 2022 മുതല്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍ ആണെങ്കിലും അന്തിമാനുമതി ലഭിച്ചിട്ടില്ല. ആലപ്പുഴ സ്റ്റേഷനില്‍ അമൃത് ഭാരത് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം രണ്ട് ലിഫ്റ്റുകളും രണ്ട് എസ്‌കലേറ്ററുകളും അധികമായി സ്ഥാപിക്കാമെന്ന് അറിയിച്ചു. ഘട്ടം ഘട്ടമായിട്ടാകും ഇവ സ്ഥാപിക്കുക. എന്‍എസ്ജി-3 കാറ്റഗറി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അറിയിച്ചു. കായംകുളത്ത് അമൃത് ഭാരത് പദ്ധതി പ്രകാരം നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 65 ശതമാനം പൂര്‍ത്തിയായി. ഇവിടെ എക്സലേറ്റര്‍, ലിഫ്റ്റ് എന്നിവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജനറേറ്റര്‍ സ്ഥാപിക്കും.
തുറവൂരില്‍ സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് റാമ്പും ട്രോളി ട്രാക്കും അംഗപരിമിതര്‍ക്കുള്ള ശൗചാലയങ്ങളും നിര്‍മ്മിക്കും. ചേര്‍ത്തലയില്‍ അധിക പ്ലാറ്റ് ഫോം ഷെല്‍ട്ടറുകള്‍, സര്‍ക്കുലേറ്റിങ് ഏരിയ, പാര്‍ക്കിങ് ഏരിയ, അപ്രോച്ച് റോഡ് എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും. ചേര്‍ത്തല സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി അഞ്ചില്‍ നിന്ന് നാലിലേക്ക് ഉയര്‍ത്തി. അമ്പലപ്പുഴയിലും ചേര്‍ത്തലയിലും ഹരിപ്പാടും ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും.
മാരാരിക്കുളത്ത് ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ അനുമതിയായെങ്കിലും പാത ഇരട്ടിപ്പിക്കലിന് ഒപ്പമാകും നിര്‍മ്മാണം ആരംഭിക്കുക. ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസിന് ഹരിപ്പാട് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. തിരുവനന്തപുരം റെയില്‍വെ ഡിവിഷനിലെ എംപിമാരുടെ യോഗത്തിലാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: