Kerala

കശുവണ്ടി വ്യവസായിക്കെതിരെ കേസ് ഒതുക്കാന്‍ കോഴ: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം പ്രതി

കൊവിഡ് കാലത്താണ് കൊല്ലം സ്വദേശി കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടത്

Published by

കൊച്ചി:കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെയുളള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ് ഒതുക്കാമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസിലെ വിജിലന്‍സ് അന്വേഷണം എത്തിച്ചേര്‍ന്നത് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പേരിലുളള പണം തട്ടിപ്പില്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രണ്ടാം പ്രതി തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വില്‍സനാണ്. ഇയാളുടെ മൊഴിയില്‍ ശേഖര്‍ കുമാറിനെതിരെ പരാമര്‍ശമുണ്ട്.ഇഡി ഉദ്യോഗസ്ഥനായ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സനും വ്യാപകമായി പണം തട്ടിപ്പ് നടത്തിയെന്നും ഇരുവരും മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.

കൊവിഡ് കാലത്താണ് കൊല്ലം സ്വദേശി കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടത്.ഇതിനിടെ വ്യാപാരിക്കെതിരെ ഇഡി കേസും വന്നു. ഇഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കവെ തമ്മനം സ്വദേശി വില്‍സണ്‍ വ്യാപാരിയെ സമീപിച്ച് രണ്ട് കോടി രൂപ നല്‍കിയാല്‍ ഇഡി കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാദ്ഗാനം ചെയ്തു. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം. രണ്ട് ലക്ഷം രൂപ പണമായി നല്‍കണമെന്നും ആവശ്യപ്പെട്ടു.

വ്യാപാരി വിവരം വിജിലന്‍സിനെ അറിയിച്ചു. പനമ്പിള്ളി നഗറില്‍ വച്ച് പണം കൈമാറുമ്പോള്‍ വിജിലന്‍സ് പ്രതികളെ പിടികൂടി. വില്‍സനെ ചോദ്യം ചെയ്തപ്പോള്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ താമസമാക്കിയ രാജസ്ഥാന്‍ സ്വദേശി മുരളിക്കും ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമായി. കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവര്‍ അറിഞ്ഞുവെന്നതിനെ കുറിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇഡി ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്. മുമ്പും സമാന തട്ടിപ്പ് പ്രതികള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by