India

ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാസംവിധാനമെന്ന് പി ചിദംബരം

Published by

ഡല്‍ഹി: ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്‍ഡി സഖ്യം ഇപ്പോൾ നിലനില്‍ക്കുന്നുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ബിജെപിയുടേത് ശക്തമായ സംഘടനാ സംവിധാനമാണെന്നും പി ചിദംബരം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെയും മൃത്യുഞ്ജയ് സിംഗ് യാദവിന്റെയും ‘കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്: അന്‍ ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി 2024 ഇലക്ഷന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയാണ് പി ചിദംബരം ഇക്കാര്യം പറഞ്ഞത്.

‘ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിലാണ്. അത് പഴകിപ്പോയി. എന്നാല്‍ തുന്നിച്ചേര്‍ക്കാന്‍ ഇനിയും സമയമുണ്ട്. മൃത്യുഞ്ജയ് യാദവ് പറയുന്നതുപോലെ ഭാവി അത്ര ശോഭനമല്ല. ഇന്‍ഡി സഖ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന് തോന്നുന്നത്. അക്കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. സഖ്യത്തിന്റെ ചര്‍ച്ചകളുടെ ഭാഗമായിരുന്നതിനാല്‍ ഒരുപക്ഷെ സല്‍മാന്‍ ഖുര്‍ഷിദിന് അക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിഞ്ഞേക്കും. ഇന്‍ഡി മുന്നണി ശക്തമായി നിലനില്‍ക്കുമെങ്കില്‍ ഞാന്‍ വളരെയധികം സന്തോഷിക്കും. എന്നാല്‍ അത് വളരെ ദുര്‍ബലമാണെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ സഖ്യത്തെ വീണ്ടും ഒരുമിച്ച് ചേര്‍ക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയും. അതിന് സമയമുണ്ട്.’- പി ചിദംബരം പറഞ്ഞു.

ബിജെപി അതിശക്തമായ സംഘടനാ സംവിധാനമുളള രാഷ്‌ട്രീയപാര്‍ട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എന്റെ അനുഭവത്തിലും ചരിത്ര വായനയിലും ബിജെപിയെപ്പോലെ ശക്തമായി സംഘടിപ്പിച്ച ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഉണ്ടായിട്ടില്ല. എല്ലാ മേഖലകളിലും അത് ശക്തമാണ്.’എന്നാണ് പി ചിദംബരം ബിജെപിയെക്കുറിച്ച് പറഞ്ഞത്.

അതേസമയം, ചിദംബരത്തിന്റെ വാക്കുകള്‍ ആഘോഷമാക്കുകയാണ് ബിജെപി. സമൂഹമാധ്യമങ്ങളില്‍ ചിദംബരത്തിന്റെ പ്രസംഗം പങ്കുവെച്ച് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയാണ് ബിജെപി ഹാന്‍ഡിലുകള്‍. കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും ഭാവിയില്ലെന്ന് ചിദംബരം പറഞ്ഞുവെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍ പോലും ഇന്‍ഡി സഖ്യത്തിന് ഭാവി കാണുന്നില്ലെന്നും ബിജെപി പ്രചരിപ്പിക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by