എറണാകുളം:നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ വിനയ്കുമാര്‍, മോഹന്‍കുമാര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. ഈ മാസം 29 വരെയാണ് റിമാന്‍ഡു ചെയ്തത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
വാഹനം തട്ടിയതിന് പിന്നാലെ ഐവിന്‍ ജിജോയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രകോപിച്ചെന്നും പ്രതികളുടെ മൊഴിയിലുണ്ട്.കൊലപാതകത്തിന് പിന്നാലെ ജനങ്ങള്‍ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ് കുമാര്‍ ദാസിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്ക മിട്ടതെന്ന് രണ്ടാം പ്രതി മോഹന്‍ കുമാര്‍ മൊഴി നല്‍കി. ഐവിന്റെ കാറില്‍ തട്ടിയതോടെ വാക്കേറ്റം ഉണ്ടായി. പിന്നാലെ നേരിയ സംഘര്‍ഷവും.
എല്ലാം ഐവിന്‍ മൊബൈലില്‍ പകര്‍ത്തി.നാട്ടുകാര്‍ എത്തുന്നതിനിടെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓളം ഐവിന്‍ ബോണറ്റില്‍ പിടിച്ചു കിടന്നിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് വാഹനം ഓടിച്ച വിനയ് കുമാറിന് പുറമെ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന മോഹനനെതിരെയും കൊലക്കുറ്റം ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക