കോട്ട : രാജസ്ഥാനിലെ ബിക്കാനീറിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കർണി മാതാ ക്ഷേത്രം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 22 ന് പ്രധാനമന്ത്രി ക്ഷേത്രം സന്ദർശിക്കുമെന്നാണ് വിവരം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ എന്നിവരും പ്രധാനമന്ത്രി മോദിയോടൊപ്പം ഉണ്ടാകും. ഈ സഹചര്യത്തിൽ കർണി മാതാ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും നമുക്ക് ഒന്ന് അറിയാൻ ശ്രമിക്കാം.
എവിടെയാണ് കർണി മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ദേഷ്‌നോക് പ്രദേശത്താണ് കർണി മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗ്ഗാ ദേവിയുടെ അവതാരമാണ് കർണിമാത എന്നൊരു വിശ്വാസം ഈ ക്ഷേത്രത്തിനുണ്ട്. വർഷത്തിലെ രണ്ട് നവരാത്രികളിലും കർണി മാതാ ക്ഷേത്രത്തിൽ വലിയൊരു ജനക്കൂട്ടം ഒത്തുകൂടുന്നു. ഈ സമയത്ത് കർണി മാതാ ക്ഷേത്രം അലങ്കരിച്ചുകൊണ്ടാണ് ഉത്സവം ആഘോഷിക്കുന്നത്.
ക്ഷേത്രത്തിന്റെ ചരിത്രം
പതിനഞ്ചാം നൂറ്റാണ്ടിൽ രജപുത്ര രാജാക്കന്മാരാണ് കർണി മാതാ ക്ഷേത്രം പണികഴിപ്പിച്ചത്. ജോധ്പൂരും ബിക്കാനീറും ഭരിച്ചിരുന്ന റാത്തോഡ് രാജാക്കന്മാർ കർണി മാതാവിനെ ആരാധിച്ചിരുന്നു. ബിക്കാനീർ രാജകുടുംബത്തിന്റെ കുടുംബ ദേവതയായി കർണി മാതാവിനെ കണക്കാക്കുന്നു. ദേവിയുടെ അനുഗ്രഹത്താൽ ബിക്കാനീർ, ജോധ്പൂർ നാട്ടുരാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിക്കാനീർ സംസ്ഥാനത്തെ മഹാരാജ ഗംഗാ സിംഗ് നിർമ്മിച്ചതാണ് ഇപ്പോഴത്തെ കർണി മാതാ ക്ഷേത്രം എന്നാണ് വിവരങ്ങൾ.
എലികൾ കാരണം ഈ ക്ഷേത്രം പ്രശസ്തമാണ്
ബിക്കാനീറിൽ സ്ഥിതി ചെയ്യുന്ന കർണി മാതാ ക്ഷേത്രം എലികളുടെ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കാരണം. ഈ പുണ്യക്ഷേത്രത്തിൽ ഏകദേശം 20,000 കറുത്ത എലികൾ വസിക്കുന്നു. രാവിലെ 5 മണിക്ക് മംഗള ആരതിയും വൈകുന്നേരം 7 മണിക്ക് ആരതിയും നടക്കുമ്പോൾ ക്ഷേത്രത്തിൽ എലികളുടെ ഘോഷയാത്ര കാണാം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത്, കർണി മാത ഒരു ഗുഹയിൽ താമസിച്ച് തന്റെ ഇഷ്ടദേവതയെ ആരാധിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ഗുഹ ഇപ്പോഴും ക്ഷേത്രപരിസരത്ത് ഉണ്ട്. ഇതിനുപുറമെ, ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ മാർബിൾ കൊത്തുപണികൾ ചെയ്തിട്ടുണ്ട്. ഇത് കാണാൻ ദൂരെ നിന്ന് പോലും ആളുകൾ ഇവിടെയെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: