പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനുകളും ഫോറസ്റ്റ് സ്റ്റേഷനുകളും അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ തങ്ങളുടെ സ്വതന്ത്ര അധികാര പരിധിയിലാണെന്ന സിപിഎമ്മിന്റേയും സഖാക്കളുടേയും ധാരണ പുതിയതല്ല. കാലാകാലമായി അവര്‍ക്കതു നാട്ടുനടപ്പാണ്. അലിഖിത നിയമവുമാണ്. ജോലികിട്ടിയാല്‍ ചുമതലയേല്‍ക്കും മുന്‍പു നട്ടെല്ല് ഊരി പാര്‍ട്ടിയെ ഏല്‍പിക്കണമെന്നും ചട്ടമുണ്ട്. ഇവയെല്ലാം സഖാക്കള്‍ക്കു ഭരിക്കാനുള്ളതാണെന്ന ധാരണ അണികളില്‍ വളര്‍ത്തിയെടുത്തതു പാര്‍ട്ടിതന്നെയാണ്. അതിനനുസരിച്ചുള്ള പിന്‍ബലം സഖാക്കള്‍ക്കു പാര്‍ട്ടി നല്‍കിപ്പോരുന്നുമുണ്ട്. കുട്ടിസഖാക്കള്‍ ഫോണില്‍ വിളിച്ചാല്‍പ്പോലും അപ്പുറത്തുള്ള ഓഫീസര്‍, അവരാരായാലും, തൊപ്പി ഊരണമെന്നതാണ് അലിഖിത ചട്ടം. തൊപ്പിയും യൂണിഫോമും ഇല്ലാത്തവര്‍ എഴുനേറ്റു നിന്ന് ആദരിക്കണം. അത് അനുസരിക്കാത്തവര്‍ക്ക് ഒരിടത്തും കസേരയില്‍ ഉറച്ചിരിക്കാനാവില്ല. അനിഷ്ടം എപ്പോള്‍ സ്ഥലംമാറ്റമൊ സസ്പെന്‍ഷനോ ഒക്കെയായി മാറുമെന്ന് ആര്‍ക്കും പറയാനുമാവില്ല.
കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലയിലെ പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി, അവിടെ കസ്റ്റഡിയിലിരുന്ന വ്യക്തിയെ ബലമായി ഇറക്കിക്കൊണ്ടുപോയത് സിപിഎമ്മിന്റെ എംഎല്‍എ കെ.യു. ജനീഷ്‌കുമാറാണ്. വേണ്ടിവന്നാല്‍ സ്റ്റേഷന്‍ കത്തിക്കുമെന്നായിരുന്നു ഭീഷണി. നക്സലുകള്‍ തിരിച്ചുവരുമെന്ന മുന്നറിയിപ്പും. എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വകുപ്പുതല അന്വേഷണവും നടക്കും. അതൊക്കെ അതിന്റെ വഴിക്കു നടക്കട്ടെ. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനു ചുറ്റുമുള്ള കമ്പിവേലിയില്‍നിന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞതു സംബന്ധിച്ച കേസിലാണ് ഭൂവുടമുടെ സഹായിയെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. അതാണ് എംഎല്‍എയെ ചൊടിപ്പിച്ചതും. വേലിയിലൂടെ അളവില്‍ക്കൂടുതല്‍ വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണം എന്ന കണക്കുകൂട്ടലിലായിരുന്നു ഫോറസ്റ്റ് ഓഫീസറുടെ നടപടി. ഭീഷണി മുഴക്കിയതു വെറും സഖാവല്ല, സ്ഥലം എംഎല്‍എയാണ്. അതുകൊണ്ടുതന്നെ, പറഞ്ഞതിനു ദൂരവ്യാപകമായ അര്‍ഥങ്ങളുണ്ടുതാനും. തീവയ്പും ആക്രമണവുമൊക്കെ നക്സല്‍ ശൈലിയാണ്. വിഘടനവാദവും അരാജകത്വവാദവും പ്രോത്സാഹിപ്പിക്കുകയും അതിനായി പോരാടുകയും ചെയ്യുന്ന ഭീകരവാദ പ്രസ്ഥാനമായ നക്സലിസത്തെ ശക്തമായി അടിച്ചമര്‍ത്താനും ഉന്‍മൂലനം ചെയ്യാനുമുള്ള തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ അത് ഏതാണ്ട് നിയന്ത്രണത്തിലായ സാഹചര്യവുമാണ്. അതു തിരിച്ചുവരുമെന്ന ഭീഷണിയുടെ അര്‍ഥം വേണ്ടിവന്നാല്‍ സിപിഎം അതും ചെയ്യുമെന്ന മുന്നറിയിപ്പാണ്. വിഘടനവാദികളുമായുള്ള പാര്‍ട്ടിയുടെ തുടര്‍ന്നു പോരുന്ന ബന്ധത്തിന്റെ സൂചന അതിലൂടെ വായിക്കാം. വേണ്ടിവന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും പിന്നീടു പൊലീസ് മന്ത്രിയാവുകയും ചെയ്ത ഒരു സഖാവിന്റെ പിന്‍മുറക്കാരാണല്ലോ ഇവരൊക്കെ.
പത്തനംതിട്ടയുടെ തുടര്‍ച്ചയോ തുടക്കമോ പോലെ കൂത്താട്ടുകുളത്തു നടന്നത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഫോണിലൂടെ ഒരുവിരട്ടലായിരുന്നു. അനധികൃതമായി ചെങ്കല്‍ ഖനനം ചെയ്തു കടത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായിരുന്നു അവിടെ പ്രശ്നം. ചെങ്കല്‍ കടത്തുന്നതറിഞ്ഞു സ്ഥലത്തെത്തിയ എസ്എച്ച്ഒയോട് ലോക്കല്‍ സെക്രട്ടറിയുടെ അനുവാദത്തോടെയാണു കടത്തുന്നതെന്നായിരുന്നത്രെ അതു ചെയ്തവര്‍ പറഞ്ഞത്. അതു ഗൗനിക്കാതെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ തന്റേടം കാണിച്ചതാണ് സഖാവിനെ ചൊടിപ്പിച്ചത്. രാത്രിയില്‍ സ്റ്റേഷനിലേയ്‌ക്കു ഫോണില്‍ വിളിച്ച് എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവരുകയും ചെയ്തു. പ്രതിഷേധിക്കുകയും കരിങ്കൊടികാണിക്കുകയും ചെയ്യുന്നവരെപ്പോലും തല്ലിച്ചതയ്‌ക്കുകയും പെരുമഴയത്തു സമരക്കാരുടെ പന്തല്‍ പൊളിക്കുകയും ഭരണകക്ഷിയുടെ അക്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും നിരപരാധികളെ കേസില്‍കുടുക്കി ജയലിലടയ്‌ക്കുകയും ചെയ്യുന്ന കൂലിത്തൊഴിലാളികളായി പൊലീസ് സേനയെ അടക്കം മാറ്റുന്ന പാര്‍ട്ടിയുടെ ഭരണപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചതന്നെയായിവേണം ഇതിനെ കാണാന്‍. അധികാര ലഹരിയില്‍ ആറാടി ഭരണം പോയിട്ട് സീറ്റുപോലും നേടാനാവാത്ത അവസ്ഥയിലെത്തിയ ബംഗാളും ത്രിപുരയുമൊന്നും ഈ പാര്‍ട്ടിക്കു പാഠമാകുന്നില്ല. അതിന്റെ പ്രത്യക്ഷ തെളിവുകളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: