ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ തന്റെ നിലപാട് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വിവാദങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ശശി തരൂരിന്റെ പ്രസ്താവനയെ പാർട്ടിയുടെ അഭിപ്രായമല്ല എന്ന് കോൺഗ്രസ് പാർട്ടി വിശേഷിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ശശി തരൂർ ലക്ഷ്മണരേഖ മറികടന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. ഇതുസംബന്ധിച്ച് ശശി തരൂരിനോട് ചോദിച്ചപ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ രാജ്യത്തിനും ലോകത്തിനും മുന്നിൽ തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചതായി അദ്ദേഹം പറഞ്ഞു.
രാജ്യം ഒരു പോരാട്ടത്തിലൂടെ കടന്നുപോകുകയാണെന്നും അത്തരമൊരു സാഹചര്യത്തിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ രാജ്യത്തെ ഒരുമയോടെ നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ശശി തരൂർ പറഞ്ഞു. ഒരു ഇന്ത്യക്കാരനായിട്ടാണ് ഞാൻ സംസാരിച്ചത്. മറ്റാർക്കും വേണ്ടി സംസാരിക്കുന്നതായി ഞാൻ ഒരിക്കലും നടിച്ചിട്ടില്ല. ഞാൻ ഒരു പാർട്ടി വക്താവല്ല. ഞാൻ ഒരു സർക്കാർ വക്താവല്ല. ഞാൻ പറഞ്ഞതിനോട് നിങ്ങൾ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, അതിന് എന്നെ വ്യക്തിപരമായി കുറ്റപ്പെടുത്താം, അത് കുഴപ്പമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പ്രകടിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു.
പാർട്ടിയിൽ നിന്ന് എന്തെങ്കിലും സന്ദേശം ലഭിച്ചോ എന്ന് ശശി തരൂരിനോട് ചോദിച്ചപ്പോൾ ഇല്ല പാർട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല, ഞാൻ മാധ്യമ റിപ്പോർട്ടുകൾ മാത്രമാണ് നോക്കുന്നതെന്നാണ് തരൂർ പറഞ്ഞത്.
അതേ സമയം ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടയിലാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഒരു യോഗം നടന്നത്. ശശി തരൂരും ഈ യോഗത്തിൽ പങ്കെടുത്തു. ഈ സമയത്ത് ശശി തരൂരിന്റെ പ്രസ്താവന ലക്ഷ്മണരേഖയെ മറികടക്കുന്നതാണെന്ന് പാർട്ടി വിശേഷിപ്പിച്ചിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രസ്താവനയാണെന്നും കോൺഗ്രസ് പാർട്ടിയുടേതല്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് തരൂരിനോട് ചോദിച്ചപ്പോൾ ഞാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും എന്റെ മുന്നിൽ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ ശശി തരൂർ വിവിധ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്ത്യയുടെ ഭാഗം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: