ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും വലിയ കുഴപ്പത്തിലെന്ന് റിപ്പോർട്ട്. 2023 മെയ് 9 ലെ അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിൽ കഴിയുന്ന ഖാന്റെ നുണ പരിശോധന, ഫോട്ടോഗ്രാമെട്രിക് പരിശോധനയും (മുഖ, ശബ്ദ വിശകലനം) നടത്താൻ തീവ്രവാദ വിരുദ്ധ കോടതി (എടിസി) പോലീസിന് അനുമതി നൽകി.
ഖാനെതിരെയുള്ള 12 തീവ്രവാദ കേസുകൾക്കായാണ് ഈ പരിശോധനകൾ നടത്തുക. 2023 മെയ് 9-ന് ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കേസുകൾ.
ബുധനാഴ്ച പ്രോസിക്യൂഷന്റെ അപേക്ഷ അംഗീകരിച്ച എടിസി-ഐ ജഡ്ജി മൻസാർ അലി ഗിൽ, ലാഹോർ കോർപ്സ് കമാൻഡർ ഹൗസ് ആക്രമണം ഉൾപ്പെടെ 12 തീവ്രവാദ കേസുകളിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ പോളിഗ്രാഫ്, ഫോട്ടോഗ്രാമെട്രിക് പരിശോധനകൾ 12 ദിവസത്തിനുള്ളിൽ നടത്താൻ പോലീസിന് അനുമതി നൽകുകയായിരുന്നു.
അതേ സമയം മെയ് 9 ലെ സംഭവം നടന്ന് 727 ദിവസങ്ങൾക്ക് ശേഷം പോളിഗ്രാഫ്, ഫോട്ടോഗ്രാമെട്രിക് പരിശോധനകൾ നടത്താനുള്ള പോലീസ് തീരുമാനത്തെ ഇമ്രാൻ ഖാന്റെ അഭിഭാഷകൻ സൽമാൻ സഫ്ദാർ ചോദ്യം ചെയ്യുകയും പ്രോസിക്യൂഷന്റെ അഭ്യർത്ഥനയെ എതിർക്കുകയും ചെയ്തു. കൂടാതെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടി സ്ഥാപകന് ഇതിനകം 21 തീവ്രവാദ കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണ ആവശ്യകതകൾ നിറവേറ്റുന്നതിനാണ് സുപ്രീം കോടതി ഇത്തരം പരിശോധനകൾ അനുവദിച്ചതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ റാണ അസർ വാദിച്ചു. എന്നാൽ തന്റെ അഭിഭാഷകൻ ഇല്ലാതെ ജയിലിൽ പരിശോധനകൾക്ക് വിധേയമാകാൻ ഇമ്രാൻ ഖാൻ വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: