ബെംഗളൂരു: ഭാരതത്തിന്റെ തിരിച്ചടിയില്‍ പാകിസ്ഥാനിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ പുറത്തു വിട്ട് മലയാളി കമ്പനി. തിരുവനന്തപുരം സ്വദേശി ക്രിസ് നായര്‍ നേതൃത്വം നല്കുന്ന ബെംഗളൂരുവിലെ കവ സ്‌പെയ്‌സാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധവിദഗ്ധര്‍ ഉള്‍പ്പെടെ അധികം പേരും ആശ്രയിച്ചതും കവ സ്‌പെയ്‌സിന്റെ ചിത്രങ്ങളാണ്.
പാകിസ്ഥാനിലെ പ്രതിരോധമേഖലകളില്‍ ഭാരതം വരുത്തിയ നാശനഷ്ടങ്ങള്‍ അവര്‍ നിഷേധിച്ചപ്പോള്‍ അത് ഉപഗ്രഹചിത്രങ്ങളിലൂടെ ലോകത്തിനുമുന്നില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കവ സ്‌പെയ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്. പാകിസ്ഥാന്റെ നുണക്കഥകള്‍ തകര്‍ക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍. വ്യോമകേന്ദ്രങ്ങളില്‍ ബോംബുവീണുണ്ടായ ഗര്‍ത്തങ്ങളുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ബോംബ് വീണതിനു മുന്‍പും പിന്‍പുമുള്ള അവസ്ഥ താരതമ്യംചെയ്താണ് കവ സ്‌പെയ്‌സും ക്രിസ് നായരും സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
പ്രതിരോധരംഗത്തും ബഹിരാകാശമേഖലയിലും ഉന്നതതല വിശകലനങ്ങള്‍ നടത്തുന്ന പ്രമുഖ വെബ്‌സൈറ്റുകളും ആശ്രയിച്ചത് കവ സ്‌പെയ്‌സിന്റെ ചിത്രങ്ങളാണ്. 2019ലാണ് തൃശൂര്‍ സ്വദേശി ബാലമേനോനുമായി ചേര്‍ന്ന് ക്രിസ് കമ്പനിക്ക് തുടക്കമിടുന്നത്. മുമ്പ്, പിഎസ്എല്‍വി-സി 45 ദൗത്യത്തിലെ ഐസാറ്റ് എന്ന ഉപഗ്രഹം വികസിപ്പിച്ച എക്‌സീഡ് സ്‌പെയ്‌സ് കമ്പനിയുടെ ഭാഗമായിരുന്നു ക്രിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: