ജമ്മു : പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ നിന്ന് ഭീകരതയെ പൂർണ്ണമായും തുടച്ചുനീക്കാൻ സുരക്ഷാ സേന കനത്ത പരിശോധന നടപടികളാണ് സംഘടിപ്പിച്ച് വരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം തീവ്രവാദികൾക്കായി സുരക്ഷാ സേന തുടർച്ചയായി തിരച്ചിൽ നടത്തുകയും ഏറ്റുമുട്ടലുകളിൽ തീവ്രവാദികളെ കൊല്ലുകയും ചെയ്യുന്നു.
ഇപ്പോൾ വ്യാഴാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുകയാണ്. പ്രധാനമായും ജമ്മു കശ്മീരിലെ ത്രാലിലെ നാദിർ ഗ്രാമത്തിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നത്. ഈ പ്രദേശം ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയുടെ കീഴിലാണ് വരുന്നത്. വിവരങ്ങൾ അനുസരിച്ച് പ്രദേശത്ത് 2 മുതൽ 3 വരെ തീവ്രവാദികൾ കുടുങ്ങിക്കിടക്കാനുള്ള സാധ്യത സുരക്ഷാ സേന പ്രകടിപ്പിച്ചിട്ടുണ്ട്.
അതേ സമയം പോലീസ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അവന്തിപോറയിലെ നാദർ, ത്രാൽ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോലീസും സുരക്ഷാ സേനയും തിരച്ചിലിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഈ മൂന്ന് ഭീകരരും ലഷ്കർ-തോയ്ബയിൽ പെട്ടവരായിരുന്നു. ഓപ്പറേഷൻ കെല്ലറിന് കീഴിലുള്ള ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യമാണ് അറിയിച്ചത്.
ഷോപ്പിയാനിലെ ഷോക്കൽ കെല്ലറിലെ പൊതു പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിനുശേഷം, ഏറ്റുമുട്ടലിൽ മൂന്ന് കൊടും ഭീകരരെ വധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക