ന്യൂഡൽഹി : പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്ക് വ്യക്തമായ മുൻതൂക്കം നൽകിയ ആയുധങ്ങളിലൊന്നായിരുന്നു ബ്രഹ്മോസ് ക്രൂയിസ് മിസൈൽ . പാകിസ്ഥാനിലെ ചില സ്ഥലങ്ങളെ വളരെ കൃത്യതയോടെ ആക്രമിക്കാൻ ഈ മിസൈലുകൾ ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
റഡാറിൽ നിന്നോ പ്രതിരോധ നിരീക്ഷണത്തിൽ നിന്നോ ഒഴിഞ്ഞുമാറി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കഴിയുന്ന തരത്തിൽ വളരെ വേഗത്തിൽ പറക്കാൻ കഴിയുന്ന മിസൈലാണിത്. ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യമുള്ള രാജ്യങ്ങളുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച്, 17 രാജ്യങ്ങൾ ഇപ്പോൾ ബ്രഹ്മോസ് വാങ്ങാൻ അണിനിരന്നിട്ടുണ്ട്.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈൽ. സൂപ്പർസോണിക് വേഗത, കൃത്യമായ പ്രഹരം, വ്യത്യസ്ത പരിതസ്ഥിതികളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയാണ് ബ്രഹ്മോസിനോടുള്ള താൽപര്യം വർദ്ധിക്കാനുള്ള കാരണങ്ങൾ. കര, വായു, കടൽ എന്നിവിടങ്ങളിൽ നിന്ന് ഇവ വിന്യസിക്കാൻ കഴിയും.നിലവിൽ, ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനുള്ള കരാറിൽ ഫിലിപ്പീൻസ് മാത്രമാണ് ഒപ്പുവച്ചിരിക്കുന്നത്.
ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജന്റീന, വെനിസ്വേല, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ, ഈജിപ്ത് , ദക്ഷിണാഫ്രിക്ക, ബൾഗേറിയ എന്നിവയാണ് ഇപ്പോൾ ബ്രഹ്മോസ് ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
ഇതിൽ മിക്ക രാജ്യങ്ങളും അമേരിക്കയുമായും ചൈനയുമായും അടുത്ത ബന്ധമുള്ള രാജ്യങ്ങളാണെന്നതും ശ്രദ്ധേയമാണ്. വിയറ്റ്നാം തങ്ങളുടെ സൈന്യത്തിനും നാവികസേനയ്‌ക്കും വേണ്ടി ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നതിനായി 700 മില്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പുവയ്‌ക്കുന്നത്.
റഷ്യൻ നിർമ്മിത സുഖോയ് SU-30MKM യുദ്ധവിമാനങ്ങൾ കൈവശമുള്ള മലേഷ്യ, അവയിൽ ബ്രഹ്മോസ് മിസൈൽ ചേർക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പിനായി 300 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കാൻ ഇന്തോനേഷ്യ ചർച്ചകൾ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: