ന്യൂദൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കറിന് സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദൽഹി വസതിയിലെ സുരക്ഷയും ശക്തമാക്കി. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരമാണ് സുരക്ഷ കൂട്ടിയത്. സെഡ് കാറ്റഗറി സുരക്ഷയ്‌ക്കൊപ്പം രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ കൂടി സുരക്ഷാസംവിധാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിആർപിഎഫിന്റെ വിഐപി സെക്യൂരിറ്റി വിംഗാണ് ജയ്‌ശങ്കറിന് സുരക്ഷയൊരുക്കുന്നത്. 33 കമാൻഡോകളെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സുരക്ഷയാണ് സെഡ് കാറ്റഗറി. വലിയ ഭീഷണികൾ നേരിടുന്ന ഉന്നത രാഷ്‌ട്രീയക്കാർ, സെലിബ്രിറ്റികൾ തുടങ്ങിയവർക്കാണ് ഈ സുരക്ഷ നൽകുന്നത്. സാധാരണയായി സെഡ് കാറ്റഗറിയിൽ 22 സുരക്ഷാ ഉദ്യോഗസ്ഥരാവും ഉണ്ടാവുക. ഇതിൽ നാല് മുതൽ ആറുവരെ എൻഎസ്‌ജി കമാൻഡോകൾ, ലോക്കൽ പൊലീസ്, കുറഞ്ഞത് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം, എസ്‌കോർട്ട് വാഹനങ്ങൾ എന്നിവയാണ് ഉൾപ്പെടുക.
സെഡ് പ്ളസ്, സെഡ്, വൈ, വൈ പ്ളസ്, എക്‌സ് എന്നിവയാണ് വിഐപി സെക്യൂരിവിംഗിൽ ഉൾപ്പെടുന്നത്. ഏകദേശം 200 പേർക്കാണ് രാജ്യത്ത് നിലവിൽ സിആർപിഎഫിന്റെ വിഐപി സുരക്ഷ ലഭിക്കുന്നത്. ഇവരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി എന്നിവരും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക