ന്യൂദല്‍ഹി തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ലെന്ന് പ്രധാനമന്ത്രി മോദി. പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
“വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. അതുപോലെ തന്നെയാണ് തീവ്രവാദവും സമാധാന സംഭാഷണവും”. – മോദി പറഞ്ഞു.
അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വന്ദനം
നമ്മുടെ സായുധസേനയുടെ മുഴുവന്‍ ധീരതയും ശൗര്യവും സാഹസികതയും നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുകയാണ്. ഈ രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വന്ദനം. ഇവര്‍ക്ക് വേണ്ടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമാക്കാന്‍ നമ്മുടെ സൈനികര്‍ അങ്ങേയറ്റും ധീരതയും കരുത്തും കാട്ടി. – മോദി പറഞ്ഞു.
സിന്ദൂരം മായ്ച്ചുകളഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് നമ്മള്‍ കാട്ടിക്കൊടുത്തു
തീവ്രവാദികളെ വധിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന് കൊടുത്തിരുന്നു. നമ്മുടെ രാജ്യത്തിന്റെ കഴിവും ആത്മനിയന്ത്രണവും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മള്‍ കണ്ടു. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി സായുധസേനയ്‌ക്കും രഹസ്യാന്വേഷണ ഏജന്‍സിക്കും ശാസ്ത്രജ്ഞന്മാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. നമ്മുടെ പെണ്‍കുട്ടികളുടേയും സഹോദരിമാരുടെയും ശിരസ്സിലെ സിന്ദൂരം മായ്ച്ചുകളഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് നമ്മള്‍ കാട്ടിക്കൊടുത്തു. മോദി പറഞ്ഞു.
സേന ജാഗ്രതയിലാണ്. ഇത് ചെറിയൊരു വിരാമം മാത്രം
പാകിസ്ഥാൻ നിവർത്തിയില്ലാതെ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. ഭയന്നപ്പോൾ ലോകം മുഴുവൻ രക്ഷതേടി. എല്ലാം തകർന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവിൽ വെടി നിർത്തലിന് അപേക്ഷിച്ചു. ഇന്ത്യക്ക് യുദ്ധത്തോട് താത്പര്യമില്ല. പാകിസ്ഥാനോട് ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് തീവ്രവാദത്തെ കുറിച്ച് മാത്രമായിരിക്കും. ഇപ്പോള്‍ നൂറിലേറെ ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്. നിലവില്‍ ഇന്ത്യയുടെ നിലപാട് ലോകത്തിനും ബോധ്യപ്പെട്ടു കഴിഞ്ഞു. നമ്മൾ ജാഗ്രത തുടരുകയാണ്. എല്ലാ സേനയും ജാഗ്രതയിലാണ്. ഇത് ചെറിയൊരു വിരാമം മാത്രം. പൂർണമായും പിന്മാറിയെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. അത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല. പ്രകോപനത്തിന് വന്നാൽ തിരിച്ചടിച്ചിരിക്കും എന്ന് പാകിസ്ഥാന് മോദി താക്കീത് നൽകി.
മതത്തിന്റെ പേരില്‍ ഭീകരർ ആക്രമണം നടത്തി
പഹൽഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് മോദി കുറ്റപ്പെടുത്തി. അമ്മമാർക്കും, ഭാര്യമാർക്കും ,കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്. മതത്തിന്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല. അതിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത് എന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: