Kerala

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

യുവതിക്ക് നഷ്ടമായത് കൈകാലുകളിലെ ഒമ്പത് വിരലുകളാണ്

Published by

തിരുവനന്തപുരം : ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ ചികിത്സാ പിഴവ് ഇല്ലെന്ന് ഐ എം എ.കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്.

രോഗിക്ക് സംഭവിച്ചത് അത്യപൂര്‍വ്വമായ മെഡിക്കല്‍ സങ്കീര്‍ണതയെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ചികിത്സാ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ല. പ്രസ്തുത ആശുപത്രിയിലെ ചികിത്സയിലോ ചികിത്സാ രീതിയിലോ അപാകതകള്‍ ഉള്ളതായി കാണുന്നില്ല. സ്തുത്യര്‍ഹമായി സേവനം നല്‍കുന്ന ചെറു ചികിത്സാ സ്ഥാപനങ്ങള്‍ക്ക് നീതി വേണമെന്നും ഐ എം എ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കുടവയര്‍ ഇല്ലാതാക്കാമെന്ന സാമൂഹ്യ മാധ്യമ പരസ്യം കണ്ടാണ് യുവതി കഴക്കൂട്ടത്തെ കോസ്മറ്റിക്ക് ക്ലിനിക്കിനെ സമീപിക്കുന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ വലിയ ശാരീരിക അസ്വസ്ഥതകളാണ് യുവതിക്ക് ഉണ്ടായത്. ശസ്ത്രക്രിയ നടന്നത് ഫെബ്രുവരി 22ന്. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടത്തിയ ഇടത്ത് അണുബാധ. തുടര്‍ന്ന് തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22 ദിവസം യുവതി വെന്റിലേറ്ററിലായിരുന്നു.

യുവതിയുടെ അണുബാധ അനുദിനം വഷളായി.കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചതോടെ വിരലുകള്‍ മുറിച്ചു മാറ്റുകയല്ലാതെ മാര്‍ഗമില്ലെന്ന അവസ്ഥയായതോടെ യുവതിക്ക് നഷ്ടമായത് കൈകാലുകളിലെ ഒമ്പത് വിരലുകളാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by