Kerala

വിഴിഞ്ഞം തുറമുഖം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും: പ്രദീപ് ജയരാമന്‍

Published by

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടുകൂടി തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് െ്രെപവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമന്‍. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂജപ്പുരയിലെ വേദിയില്‍ നടന്ന വിഴിഞ്ഞം തുറമുഖം തിരുവനന്തപുരത്തിന്റെ സാമ്പത്തിക ഭൂപടം രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന തന്ത്രപരമായ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് സാമ്പത്തികമായി അതിവേഗത്തില്‍ വളരുന്ന ലോസ് ഏഞ്ചലസ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഹോങ്കോങ്, ഷാങ്ഹായ്, സിംഗപ്പൂര്‍, മുംബൈ തുടങ്ങിയ വളരെ വലിയ നഗരങ്ങളുണ്ട്. കേരളത്തില്‍ പോലും സാമ്പത്തിക തലസ്ഥാനം കൊച്ചിയാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരവും ലോകത്തില്‍ അതിവേഗം വളരുന്ന നഗരമായി മാറും.

കാര്‍ഗോ മൂവ്‌മെന്റുകള്‍ വേഗത്തിലാകുന്നതോടെ വ്യവസായങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവ കൂടുതലായി ആരംഭിക്കും. സിംഗപ്പൂര്‍, ഹോങ്കോങ്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളെക്കാള്‍ കൂടുതല്‍ മുന്‍ഗണന തിരുവനന്തപുരത്തിനും വിഴിഞ്ഞത്തിനും ലഭിക്കും. വിഴിഞ്ഞം വേള്‍ഡ് ക്ലാസ് പോര്‍ട്ട് ആണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് പോര്‍ട്ടുകളില്‍ ഒന്നാണ് വിഴിഞ്ഞം.

ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും എന്ന രജനീകാന്ത് ഡയലോഗ് വിഴിഞ്ഞം തുറമുഖത്തിന് യോജിക്കുന്നതാണ്. ഭാരതത്തിന്റെ തെക്കും കിഴക്കുമുള്ള ഏറ്റവും വലിയ ചരക്ക് തുറമുഖമാണ് വിഴിഞ്ഞം. കാര്‍ഗോ മൂവ്‌മെന്റിന് രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ എടുക്കും. 300 മുതല്‍ 700 ഡോളര്‍ വരെയാണ് ഒരു കണ്ടെയ്‌നറിന് ചെലവ് വരുന്നത്. വിഴിഞ്ഞം പോര്‍ട്ടിലെത്തുന്ന കാര്‍ഗോ റോഡ് മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാം. അതിനായി വെയര്‍ ഹൗസുകളും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും വേണ്ടിവരും. ധാരാളം പേര്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കും, പ്രദീപ് ജയരാമന്‍ പറഞ്ഞു.

തുറമുഖം സമ്പൂര്‍ണമായി പൂര്‍ത്തിയാകുന്നതോടെ സാമ്പത്തികപരമായും റിയല്‍ എസ്റ്റേറ്റ് തലത്തിലും വലിയ ഉന്നതിഉണ്ടാകുമെന്ന് തുടര്‍ന്ന് സംസാരിച്ച ട്രാവന്‍കൂര്‍ ഷിപ്പിങ് െ്രെപവറ്റ് ലിമിറ്റഡ് എംഡി ക്യാപ്റ്റന്‍ ആര്‍.എസ്. കിഷോര്‍ കുമാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തിന്റെ സാമ്പത്തിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം ഏറെയാണ്. സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും വീട്ടമ്മമാര്‍ക്കും ഒരുപോലെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നും 2028 ഓടെ ഈ തുറമുഖത്തിന്റെ മുഖച്ഛായ പൂര്‍ണമായും മാറുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കുന്ന കപ്പലുകളെകുറിച്ച് കിഷോര്‍കുമാര്‍ സദസിനോട് വിശദീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക