ഭാരതത്തിന്റെ ശക്തിയും ശേഷിയും തിരിച്ചറിഞ്ഞ മുന്‍ഗാമികള്‍ യുദ്ധത്തിന് പോകേണ്ട എന്ന് ഉപദേശിച്ചിട്ടും പാക് സൈന്യം ഭാരതത്തിനെതിരെ ആക്രമണം തുടരുകയാണ്. മതവിശ്വാസത്തില്‍ അധിഷ്ഠിതമായി യുദ്ധം ചെയ്യുകയെന്നത് ആധുനിക കാലഘട്ടത്തില്‍ ആത്മഹത്യാപരമാണെന്ന് അവര്‍ വൈകാതെ തിരിച്ചറിയും. യൂണിഫോമിട്ട മതഭീകരവാദിയാണ് പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീര്‍. അയാളുടെ പിടിവാശിയിലാണ് ഇപ്പോള്‍ യുദ്ധം നടക്കുന്നത്.
മതകാര്യങ്ങള്‍ പറഞ്ഞാണ് സൈനികരെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു സേനാത്തലവന്റെ ചിന്തയല്ല, മതവിശ്വാസമാണ് തീരുമാനങ്ങള്‍ക്ക് അടിസ്ഥാനം. സ്വന്തം രാജ്യത്തിന്റെ പ്രാപ്തിയും സൈനികരുടെ ശേഷിയും ശത്രുസൈന്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് എല്ലാ സേനാത്തലവന്മാരും യുദ്ധത്തിനിറങ്ങുക. അത്തരത്തില്‍ നോക്കിയാല്‍ യുക്തിരഹിതമായ തീരുമാനമാണ് അസിം മുനീര്‍ എടുത്തത്. ഭാരതം സൈനികരംഗത്ത് കൈവരിച്ച നേട്ടങ്ങളില്‍ അയാള്‍ ബോധവാനല്ല. ആധുനിക സജ്ജീകരണങ്ങളോടെ, വിവരസാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പുമായാണ് നമ്മുടെ സൈനികര്‍ മൂന്നുസേനയിലും സുസജ്ജരായി നില്‍ക്കുന്നത്. യുദ്ധത്തിലേക്ക് നാം പോയിട്ടില്ല, പക്ഷേ യുദ്ധസമാനമായ രീതിയിലാണ് ഭാരതമെന്ന് ഓര്‍ക്കണം. അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിച്ച്, അതിര്‍ത്തികള്‍ ലംഘിക്കാതെ, സ്വന്തം ഭൂമിയില്‍ നിലയുറപ്പിച്ചുതന്നെ പാകിസ്ഥാന്റെ ഏത് കേന്ദ്രവും തകര്‍ക്കാന്‍ ഭാരതത്തിനാകും. വരുംദിവസങ്ങളില്‍ ഇത് പാകിസ്ഥാന് കൂടുതല്‍ ബോധ്യമാകും.
നമ്മുടെ തന്ത്രപ്രധാനമായ സൈനികകേന്ദ്രങ്ങള്‍ക്ക് പുറമെ സാധാരണക്കാരേയും സ്‌കൂളുകളെയും ഗുരുദ്വാരകളെയും ചര്‍ച്ചുകളെയും പാക് സൈന്യം ലക്ഷ്യമിടുന്നു. ഇത് യുദ്ധനിയമങ്ങള്‍ക്കെല്ലാം വിരുദ്ധമാണ്. ഭാരതത്തിലെ സിവിലിയന്‍മാരെയും സൈനികകേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചതിന് മറുപടിയായാണ് വ്യാഴാഴ്ച രാത്രി ശക്തമായ പ്രത്യാക്രമണം ഭാരതം നടത്തിയത്. ഇതുകൊണ്ടൊന്നും പാഠം പഠിക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമല്ലെന്നാണ് മനസിലാക്കേണ്ടത്. തുര്‍ക്കിയുടെയും ചൈനയുടെയും സഹായം ഒരിക്കലും പാകിസ്ഥാന് ഗുണം ചെയ്യില്ല. ഭാരതത്തിന് എതിരെയുള്ള ചില കുപ്രചരണങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാമെന്ന വ്യാമോഹത്തിലാണ് പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ വളരെ ജാഗ്രത കാട്ടണം. സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ രാജ്യത്തിനും സൈന്യത്തിനും ദോഷകരമാകുന്നതാണെങ്കില്‍ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കരുത്. പൗരബോധത്തോടെയാകണം വിവരങ്ങളെ സമീപിക്കേണ്ടത്. കേന്ദ്രസര്‍ക്കാരോ സൈനികവക്താക്കളോ ഔദ്യോഗികമായി പറയുന്നത് മാത്രമെ വിശ്വാസത്തിലെടുക്കാവൂ. ഇതില്‍ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം. കാരണം മുന്‍കാലങ്ങളില്‍ നന്നും വ്യത്യസ്തമാണ് യുദ്ധരീതികള്‍. വിജയിക്കാനായി ഏത് നികൃഷ്ടമാര്‍ഗവും സ്വീകരിക്കാന്‍ പാകിസ്ഥാന് മടിയില്ല. സോഷ്യല്‍ മീഡിയയും ആയുധമായേക്കാം.
പാകിസ്ഥാന്‍ കോപ്പുകൂട്ടുന്നതെല്ലാം ഭാരതം അറിയുന്നുണ്ട്. എത്രയാണോ ഇങ്ങോട്ട് ആക്രമിക്കുന്നത് അതിന്റെ പത്തിരട്ടി ശക്തിയില്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം. ആണവായുധ ഭീഷണിയടക്കം പയറ്റിയ പാക് സൈന്യവും അവിടുത്തെ ഭരണകര്‍ത്താക്കളും ഇപ്പോള്‍ പുതിയ അടവുകള്‍ ഇറക്കുകയാണ്. ഭാരതത്തില്‍ എന്തെല്ലാം ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാലും അതിന് തക്ക ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. വരുംദിവസങ്ങളിലും ഇത് തുടരും. ആഭ്യന്തരപ്രശ്‌നങ്ങളില്‍ വീര്‍പ്പുമുട്ടിയിരിക്കുകയാണ് ആ രാജ്യം. ഒരു ഭാഗത്ത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ശക്തമായ ആക്രമണം. മറുഭാഗത്ത് ജനങ്ങളുടെ രോഷം. കാര്‍ഷികാവശ്യത്തിന് വെള്ളമില്ല, വികസനമുറപ്പാക്കുന്ന വൈദ്യുതിയില്ല, നല്ല ഗതാഗതസംവിധാനമില്ല. സാമ്പത്തികമായി തകര്‍ന്നടിഞ്ഞതോടെ ലോക ബാങ്കിനോട് വായ്പ ചോദിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇത് കിട്ടിയില്ലെങ്കില്‍ ഗതികേടിന്റെ ആഴത്തിലേക്ക് പതിക്കും അവിടത്തെ ഭരണകൂടം.
എന്നിട്ടും ഭരണകൂടത്തിനും സൈന്യത്തിനും ഭാരതത്തോട് ഏറ്റുമുട്ടാന്‍ യാതൊരു മടിയുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ 48 മണിക്കൂര്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. സംഘര്‍ഷം ലഘൂകരിക്കാനും തീര്‍ക്കാനുമാണ് ഭരണകൂടം സാധാരണ ശ്രമിക്കാറ്. എന്നാല്‍ പാകിസ്ഥാനില്‍ ഇതിന് വിരുദ്ധമായി യുദ്ധത്തിന്റെ വ്യാപ്തി കൂട്ടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാഹചര്യങ്ങള്‍ ഇതായിരിക്കെ ലോകം തിരിച്ചറിയുന്നു, പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: