ഇന്ത്യ-പാക്ക് സംഘര്‍ഷം യുദ്ധത്തിലേക്ക് വളരുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മെയ് ഏഴിന് പുലര്‍ച്ചെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഭാരതം നടത്തിയ മിന്നല്‍ ആക്രമണത്തോടെ ഭീകര സംഘടനകള്‍ക്ക് വ്യക്തമായ സന്ദേശം ലഭിച്ചിട്ടുണ്ട്. ലോകത്ത് സമാധാനം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവുമുണ്ടായി. അന്താരാഷ്‌ട്ര സമൂഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയും ഭാരതത്തിന്റെ ഭീകരവിരുദ്ധ നീക്കത്തിന് ലഭിച്ചു. എന്നാല്‍ അതിനു പിന്നാലെ പ്രകോപനപരമായ നിലയില്‍ പാകിസ്ഥാന്‍ ഭാരത അതിര്‍ത്തിയില്‍ നടത്തിയ കടന്നാക്രമണങ്ങളാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പൂഞ്ചിലും ഉറിയിലും ഉദ്ധംപൂരിലും ജയ്സാല്‍മിറിലും പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ ഏകപക്ഷീയമായിരുന്നു. നിരപരാധികളെ ലക്ഷ്യമിട്ടുള്ളതുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാരത സേനയ്‌ക്ക് ശക്തമായി തിരിച്ചടിക്കേണ്ടി വന്നത്.
യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അനിവാര്യമെന്നുവന്നാല്‍ അത് ചെയ്യാന്‍ മടിയുമില്ല എന്ന നിലപാടാണ് ഭാരത സര്‍ക്കാരിന്റേത്. ലോകം മുഴുവന്‍ ഇതംഗീകരിക്കുന്നു. സംഘര്‍ഷത്തിന്റെ ആദ്യ രണ്ടു ദിവസങ്ങള്‍കൊണ്ടു തന്നെ, യുദ്ധം നടന്നാല്‍ എന്താണ് സംഭവിക്കുക എന്ന് ലോകത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ലോക വന്‍ശക്തികളില്‍ ഒന്നായി മാറിയ ഭാരതത്തിനു മുന്നില്‍ ഏറെനാള്‍ പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന് കഴിയില്ല. പാകിസ്ഥാന്‍ നടത്തിയ എല്ലാ വ്യോമാക്രമണശ്രമങ്ങളെയും തകര്‍ത്തു കളയാന്‍ ഭാരതത്തിനായി. എന്നാല്‍ ഭാരതം നടത്തിയ ആക്രമണങ്ങളാകട്ടെ കൃത്യമായ ലക്ഷ്യത്തില്‍ പതിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ 9 ഭീകര താവളങ്ങളിലും നിശ്ചയിച്ച പോലെ നൂറ് ശതമാനം കൃത്യതയോടെ ആക്രമണം നടത്താന്‍ ഭാരതത്തിനായി. സൈനിക ശക്തിയിലും ആധുനിക സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഭാരതം ഇന്ന് ബഹുദൂരം മുന്നിലാണ്. ആകാശ യുദ്ധത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെയാണ് തോക്ക് കൊണ്ട് ഞങ്ങള്‍ മറുപടി പറയും എന്ന പാകിസ്ഥാന്റെ പ്രകോപനപരമായ പ്രസ്താവന. ഇത് ഒളിപ്പോര്‍ യുദ്ധവും നുഴഞ്ഞുകയറ്റവും പാകിസ്ഥാന്‍ തുടരും എന്നതിന്റെ സൂചനകയാണ്. ഇന്നലെ സാംബയില്‍ ഇത്തരത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജയ്ഷേ മുഹമ്മദ് ഭീകരരെ നമ്മുടെ അതിര്‍ത്തി രക്ഷാസേന വധിച്ചു. 11 അംഗ സായുധസംഘമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. നാലുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഒരിക്കലും ഭാരതത്തിനു നേരെ നേരിട്ടു നിന്ന് യുദ്ധം ചെയ്യാന്‍ സാധ്യമല്ല എന്ന് വ്യക്തമായതോടെയാണ് നുഴഞ്ഞുകയറ്റം എന്ന പഴയ രീതി അവര്‍ ആവര്‍ത്തിക്കുന്നത്.
ഭാരത സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഓപ്പറേഷന്‍ സിന്ദൂറിനോടുള്ള പ്രതികാരമെന്നോണം അവര്‍ വ്യോമാക്രമണം നടത്താന്‍ തുനിഞ്ഞത്. ജമ്മു -കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ അയച്ച മൂന്ന് യുദ്ധവിമാനങ്ങള്‍ ഭാരതം തകര്‍ത്തു. 50 ഓളം ഡ്രോണുകളും നിരവധി മിസൈലുകളും ആകാശത്ത് വച്ച് നിര്‍വീര്യമാക്കി. ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പാകിസ്ഥാന് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ മറുപടി. രണ്ട് പാക് പൈലറ്റുമാരെ ജീവനോടെ ഭാരത സേന പിടികൂടിയിട്ടുമുണ്ട്.
ഇത് മാറിയ ഭാരതമാണ്. ശത്രുവിന് നേരെനിന്ന് ഏറ്റുമുട്ടാന്‍ പോലും ഭയം തോന്നുന്ന സുശക്തഭാരതം. കഴിഞ്ഞ പതിനൊന്ന് വര്‍ഷം കൊണ്ട് നമ്മുടെ സര്‍ക്കാര്‍ പ്രതിരോധ രംഗത്ത് സൃഷ്ടിച്ച നേട്ടം വ്യക്തമാകുന്നു. മേക്ക് ഇന്‍ ഇന്ത്യ പോലെയുള്ള പദ്ധതികള്‍ വഴി ആയുധങ്ങള്‍ സ്വയം വികസിപ്പിക്കാനും,പിന്നെയും ആവശ്യമുള്ളവ ഇറക്കുമതി ചെയ്യാനും നമുക്കായി. അനാവശ്യ വിമര്‍ശനങ്ങളെ അവഗണിച്ച്, പ്രതിരോധ രംഗത്തെ ആധുനികവത്കരിക്കാന്‍ ഭാരത സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇന്ന് 142 കോടി ജനതയുടെ ആത്മാഭിമാനത്തിന് കാവലായത്.
ആദ്യദിവസം തന്നെ യുദ്ധം തോറ്റ പ്രതീതിയാണ് പാകിസ്ഥാനില്‍. ഇതോടെയാണ് പഴയ ഒളിപ്പോര്‍ യുദ്ധമുറയിലേക്ക് അവര്‍ നീങ്ങുന്നത്. രാജ്യം അതീവ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനില്‍ ഒരു സ്ഥിരം ഭരണസംവിധാനമോ ഭരണ വ്യവസ്ഥയോ ഇല്ല. ഇസ്ലാമിക തീവ്രവാദ സംഘടനകളും ഇസ്ലാമിക തീവ്രവാദ ആശയം പേറുന്ന പാക്ക് മിലിട്ടറിയുമാണ് ഭരണം നിയന്ത്രിക്കുന്നത്.
പാക് പട്ടാളവും ഭീകരവാദികളും യുദ്ധം ആഗ്രഹിക്കുന്നു. ഭാരതത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ആളുകളോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ധാര്‍ഷ്ട്യത്തെ, അഹങ്കാരത്തെ,ക്രൂരതയെ എതിര്‍ത്ത് തോല്‍പ്പിക്കുക മാത്രമാണ് ശാശ്വത സമാധാനത്തിനുള്ള പോംവഴി. ആയുധമെടുക്കാന്‍ ഭാരതം നിര്‍ബന്ധിതമാവുകയാണ്. പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുക മാത്രമാണ് ഭാരതം ചെയ്യുന്നതെന്ന് വിദേശകാര്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ വഷളാക്കാനോ വലിയ യുദ്ധത്തിലേക്ക് പോകാനോ നമുക്ക് ആഗ്രഹമില്ല. എന്നാല്‍ നമ്മുടെ മണ്ണും മനുഷ്യരും ഈ ഭീകരതക്ക് ഇരകളാകുന്ന സാഹചര്യം അനുവദിക്കില്ല. ആഗോള ഭീകരവാദത്തിന്റെ ഉറവിടമാണ് പാകിസ്ഥാന്‍ എന്നതിനുള്ള തെളിവുകള്‍ നല്‍കിയിട്ടും അംഗീകരിക്കാനോ ഭീകരവാദികളെ തടയാനോ അവര്‍ തയ്യാറാകുന്നില്ല. ഭീകരവാദികള്‍ക്കെതിരെ നാം സ്വീകരിക്കുന്ന നിലപാടുകളെ വെല്ലുവിളിക്കാനും പ്രത്യാക്രമണം നടത്താനുമാണ് പാകിസ്ഥാന്‍ ഇപ്പോഴും ശ്രമിക്കുന്നത്. ഒസാമ ബിന്‍ ലാദന്‍ അടക്കമുള്ള കൊടും ഭീകരര്‍ക്ക് അഭയം ലഭിച്ച മണ്ണാണ് പാകിസ്ഥാന്‍. അതുകൊണ്ടുതന്നെ ആ രാജ്യത്തുനിന്ന് ഭീകരതയ്‌ക്കെതിരായ ഒരു ശബ്ദവും നീക്കവും ആരും പ്രതീക്ഷിക്കുന്നില്ല. കൊടും ഭീകരരായ ഹാഫിസ് സയ്യിദ്, മസൂദ് അസര്‍ തുടങ്ങിയവര്‍ക്കെല്ലാം അഭയം നല്‍കുകയും സംരക്ഷിക്കുകയും ചെയ്യകയാണ് പാകിസ്ഥാന്‍. ഇപ്പോഴത്തെ പ്രതിസന്ധി ആ രാജ്യം ചോദിച്ച് വാങ്ങിയതാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി കൊണ്ട് വലയുകയാണ് പാകിസ്ഥാന്‍. അതിനിടയിലാണ് ആഭ്യന്തര കലാപവും. ബലൂചിസ്ഥാന്‍ ക്വറ്റ പിടിച്ചെടുത്തുവെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തടവില്‍ കഴിയുന്ന മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായികള്‍ കലാപവുമായി തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം പ്രവര്‍ത്തികളുടെ ഫലം ഏറ്റുവാങ്ങുകയാണ് ആ രാജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: