പാരീസ് : പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്തുകൊണ്ട് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തതിൽ പിന്തുണയുമായി നിരവധി ലോകരാജ്യങ്ങൾ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും ഇന്ത്യയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസും അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഫ്രാൻസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അപലപിക്കുകയും ഇന്ത്യയോടുള്ള പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഭീകര സംഘടനകൾക്കെതിരായ പോരാട്ടത്തിൽ ഫ്രാൻസ് ഇന്ത്യയെ പിന്തുണയ്‌ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഭവവികാസങ്ങളിൽ ഫ്രാൻസിന് വളരെയധികം ആശങ്കയുണ്ടെന്ന് വക്താവ് പറഞ്ഞു. സംഘർഷങ്ങൾ കുറയ്‌ക്കാനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
കൂടാതെ യൂറോപ്പിലെ വിദേശകാര്യ മന്ത്രാലയങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇസ്ലാമാബാദിലെയും ന്യൂദൽഹിയിലെയും അവരുടെ എംബസികൾ അവരുടെ പൗരന്മാരെ സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: