കറാച്ചി : ഇന്ത്യയുടെ വ്യോമാക്രമണം പാകിസ്ഥാന്റെ ഓഹരി വിപണിയിൽ ചലനമുണ്ടാക്കി. പാകിസ്ഥാനിലെ പ്രധാന ഓഹരി സൂചികയായ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് തകർന്നു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ കെഎസ്ഇ-100 സൂചിക ഏകദേശം 5 ശതമാനമാണ് ഇടിഞ്ഞത്. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് -100 സൂചിക 4.62 ശതമാനം അഥവാ 6,272 പോയിന്റ് ഇടിഞ്ഞ് 1,07,296 ലെത്തി. കഴിഞ്ഞ ഏപ്രിൽ 23 മുതൽ ഈ സൂചിക 9,930 പോയിന്റ് കുറഞ്ഞിരുന്നു.
മറുവശത്ത് ഇന്ത്യൻ ഓഹരി വിപണിയിൽ ഉയർച്ച കാണുന്നുണ്ട്. ബുധനാഴ്ച രാവിലെ 11:30 ന് ബിഎസ്ഇ സെൻസെക്സ് 0.13 ശതമാനം അഥവാ 105 പോയിന്റ് നേട്ടത്തോടെ 80,746 ൽ വ്യാപാരം ആരംഭിച്ചു. അതേസമയം, എൻഎസ്‌ഇ നിഫ്റ്റി 0.19 ശതമാനം അഥവാ 46.30 പോയിന്റ് ഉയർന്ന് 24,425 ൽ വ്യാപാരം നടത്തി. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ വിപണിയിൽ ഒരു സ്വാധീനവും ഉണ്ടായിട്ടില്ല.
ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. ഇതിൽ 9 തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു. ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് സൈന്യം ഈ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: