Kerala

അനന്തപുരിയില്‍ ജന്മഭൂമി സുവര്‍ണോത്സവത്തിന് ഇന്ന് തിരിതെളിയും

Published by

തിരുവനന്തപുരം: വികസിത കേരളവും വിഷന്‍ അനന്തപുരിയും ലക്ഷ്യമിട്ട് തലസ്ഥാന നഗരിയില്‍ ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന് ഇന്നു തിരി തെളിയും. 12 സെമിനാറുകള്‍. ചര്‍ച്ചകളും നിര്‍ദേശങ്ങളുമായി രാജ്യത്തെ പ്രഗത്ഭരും ഗവേഷകരും. ഗവര്‍ണറും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍. അറിവും വിനോദവും പകര്‍ന്ന് ഇരുന്നൂറിലേറെ എക്‌സിബിഷന്‍ സ്റ്റാളുകള്‍. നൃത്തവും സംഗീതവുമായി ചലച്ചിത്ര താരങ്ങളടക്കമുള്ള പ്രതിഭകള്‍…. ഇനി അഞ്ചു നാള്‍ തിരുവനനന്തപുരത്തിന് ആഘോഷപ്പൂരം. പൂജപ്പുര മൈതാനത്തെ വേദികളിലാണ് ജന്മഭൂമി പിന്നിട്ട അന്‍പതാണ്ടിന്റെ പ്രൗഢി വിളിച്ചോതുന്ന പ്രദര്‍ശനങ്ങളൊരുങ്ങുന്നത്.

ഇന്ന് വൈകിട്ട് 5.30ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിനു തിരി തെളിക്കും. ആഘോഷ കമ്മിറ്റി ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. കാര്‍ഷികം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, കായികം, അനന്തപുരിയുടെ സുസ്ഥിര വികസനം, തീവ്രവാദം, പരിസ്ഥിതി, ആരോഗ്യം, ഗതാഗതം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയിലാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ സെമിനാറുകള്‍.

യുവാക്കളില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന തീവ്രവാദത്തെക്കുറിച്ച് ഒന്‍പതിലെ സെമിനാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് ഉദ്ഘാടനം ചെയ്യുക. പഹല്‍ഗാമില്‍ പാക് ഭീകരര്‍ കൊലപ്പെടുത്തിയ രാമചന്ദ്രന്റെ മകള്‍ ആരതി ആര്‍. മേനോനും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം സെമിനാറില്‍ പങ്കെടുക്കും. 10ന് വൈകിട്ട് 4.30നു ലഹരിക്കെതിരേ വനിതകള്‍ ഒത്തുചേരും. അഞ്ചു ദിവസവും വൈകിട്ട് ഏഴിനു പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമാണ്.

ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, കൃഷ്ണപ്രഭ, പിന്നണി ഗായകന്‍ ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ്, മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന അനാമികയും സംഘവുമെല്ലാം ആഘോഷ രാവുകള്‍ക്ക് അഴകേറ്റും.

കരസേന, നാവികസേന, എന്‍സിസി, വിഎസ്എസ്‌സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം വിവിധ മേഖലകളിലെ സ്ഥാപനങ്ങളും സംരംഭങ്ങളും മൈതാനത്ത് എത്തിക്കഴിഞ്ഞു. 11ലെ സമാപന സമ്മേളനത്തില്‍ ജന്മഭൂമി ലജന്‍ഡ് ഓഫ് കേരള പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്‌ക്കു സമ്മാനിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക