തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളില്‍ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച് പഠിക്കുന്നതിനായി ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വരുന്ന അക്കാദമിക വര്‍ഷംതന്നെ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന് കുട്ടി പറഞ്ഞു. പ്രവൃത്തി ദിനങ്ങള്‍ അഞ്ചു മതിയെന്നും ഹൈസ്കൂളുകളില്‍ മാത്രം ആ ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വര്‍ദ്ധിപ്പിക്കാമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തത്. 2025 ജനുവരി 30 നാണ് സമിതിയെ നിയോഗിച്ചത്. ഈ സമിതി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്കൂള്‍ കൗണ്‍സിലേഴ്സ് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. എസ്.സി.ഇ.ആര്.ടി. യുടെ നേതൃത്വത്തില്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസര്‍ വി പി ജോഷിത്, അഡോളസെന്റ് ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ് ഫെറ്റില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. ദീപ ഭാസ്കരന്, കൈറ്റിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി കെ ജയരാജ്, എസ് സി ഇ ആര് ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. എന്‍ പി നാരായണനുണ്ണി എന്നിവരാണ് സമിതി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: