എറണാകുളം : റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസുമായി ബന്ധപ്പെട്ട് കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിന് സ്ഥലം മാറ്റം. കേസ് വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ വനം മേധാവിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നതുള്‍പ്പെടെ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ അന്വേഷണമധ്യേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ശരിയായ രീതി അല്ലെന്ന് വനം മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഉണ്ടെന്ന് കണ്ടാണ് നടപടി. വനം മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: