Editorial

പാകിസ്ഥാന്റെ പരക്കം പാച്ചില്‍

Published by

ഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭാരതവുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലല്‍ പാകിസ്ഥാന്‍ പരക്കം പാച്ചില്‍ തുടരുകയാണ്. ഭാരതം ഏത് സമയത്തും ആക്രമണം നടത്തുമെന്ന ഭയം അവരെ വേട്ടയാടുകയാണെന്ന് ആ രാജ്യത്തിന്റെ പൊ
ള്ളയായ പ്രഖ്യാപനങ്ങളില്‍ നിന്നും, ഭരണാധികാരികളുടെ അരക്ഷിതാവസ്ഥയില്‍ നിന്നും വ്യക്തമാണ്. പാക് സൈനികരുടെ കൂട്ടരാജിയും, ഭരണാധികാരികള്‍ കുടുംബസമേതം രാജ്യം വിടാന്‍ ഒരുങ്ങുന്നതും ഇതിനു തെളിവാണ്. തിരിച്ചടിക്ക് തയ്യാറെടുത്ത് ഭാരതത്തില്‍ നിരവധി ഉന്നതതല യോഗങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ അനുകരിച്ച് പാക്കിസ്ഥാനിലും ചില യോഗങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രഹസനങ്ങളാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഭയം മറയ്‌ക്കാനുള്ള ശ്രമമാണിത്.

അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ക്ക് ഭാരതം ശക്തമായ തിരിച്ചടികളാണ് നല്‍കുന്നത്. തങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധിപ്പിക്കാനാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനമുണ്ടാക്കുന്നത്. പാക് ഭരണാധികാരികള്‍ക്ക് ഈ ആത്മവിശ്വാസമൊന്നുമില്ല. പ്രശ്‌നത്തില്‍ ഐക്യരാഷ്‌ട്രസഭയെ ഇടപെടുവിക്കാനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ നടത്തുണ്ടെങ്കിലും ഇതുവരെ വിജയച്ചിട്ടില്ല. മാത്രമല്ലഴ, പഹല്‍ഗാം ഭീകരാക്രമണത്തെ ഐക്യരാഷ്‌ട്ര സഭ ശക്തമായി അപലപിക്കുകയും ചെയ്തു. ഇറാന്‍പോലെയുള്ള ചില രാജ്യങ്ങളെ മധ്യസ്ഥരാക്കി ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് രക്ഷപെടാനുള്ള നീക്കവും പാക്കിസ്ഥാന്‍ നടത്തുന്നുണ്ട്. എന്നാല്‍ ഭാരതത്തിന് ഉപദേശകരെയല്ല, പങ്കാളികളെയാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പ്രഖ്യാപിച്ചിരിക്കുന്നത് യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും ഭാരതം വഴങ്ങില്ലെന്നതിന്റെ സൂചനയാണ്. റഷ്യയുടെ സഹായം നേടാന്‍ പാകിസ്ഥാന്‍ കിണഞ്ഞു ശ്രമിച്ച്‌ചെങ്കിലും ഫലം കണ്ടില്ല. പാക് ആവശ്യം നിരസിക്കുക മാത്രമല്ല, റഷ്യ ഭാരതത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

പാകിസ്ഥാനെ എല്ലാ തരത്തിലും ഭാരതം ഞെരുക്കുകയാണ്. സിന്ധു നദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതിനു പുറമെ ഝലം നദിയില്‍ നിന്ന് ജലം നല്‍കുന്നതും നിര്‍ത്തിവയ്‌ക്കുകയാണ്. ഇതിനെ ഒരുതരത്തിലും നേരിടാന്‍ പാക്കിസ്ഥാന് കഴിയുന്നില്ല. കുപ്രചാരണം നടത്തുന്ന പല പാക് കായികതാരങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഭാരതം വിലക്കിയിരിക്കുകയാണ്.

പാകിസ്ഥാന്‍ സൈന്യത്തിന് വേണ്ടത്ര ആയുധങ്ങളില്ല എന്നത് വസ്തുതയാണ്. വെടിയുണ്ടയുടെ പോലും കുറവുണ്ട്. മുന്‍ സൈന്യാധിപന്‍ ബജ്വയും പാകിസ്ഥാന് ഭാരതവുമായി ദീര്‍ഘകാല യുദ്ധം നയിക്കാന്‍ സാമ്പത്തികശേഷിയും ആയുധ ശേഷിയും ഇല്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്ധന ക്ഷാമംമൂലം സൈനിക പരിശീലനങ്ങളും റേഷനുകളും കുറച്ചിട്ടുണ്ട്. ഭാരതവുമായി നാല് ദിവസം യുദ്ധം ചെയ്യാനുള്ള ശേഷിയേ പാക്കിസ്ഥാനുള്ളൂ എന്നാണ് പ്രതിരോധ വിദഗ്‌ദ്ധര്‍ കണക്കാക്കുന്നത്. ആണവശേഷിയെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ അവകാശവാദവും ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. ഫലത്തില്‍, പഹല്‍ഗാം പ്രശ്‌നത്തോടെ, സ്വയം തീര്‍ത്ത കുഴിയില്‍ വീണ പാകിസ്ഥാന്‍, ആഗോളതലത്തില്‍ മിക്കവാറും ഒറ്റപ്പെട്ട നിലയിലാണ്. ആ ബോധ്യം ഉള്ളത്‌കൊണ്ടാണ് അവര്‍ ഭാരതത്തിന്റെ കരുത്തിനു മുന്നില്‍ പതറുന്നതും പരക്കം പായുന്നതും. ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും മാന്യതയും നേടിയെടുക്കാന്‍ അവര്‍ക്കിനി ഏറെ പണിപ്പെടേണ്ടിവരും. തത്ക്കാലം പിടിച്ചുനില്‍ക്കാനും രക്ഷപ്പെടാനുമുള്ള പഴുതു തേടിയാണവരുടെ നെട്ടോട്ടം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by