1967 ന്റെ അവസാന ദിവസങ്ങളില്‍ ഭാരതത്തില്‍ത്തന്നെ അഭൂതപൂര്‍വമാംവിധം ഭാരതീയ ജനസംഘത്തിന്റെ അഖില ഭാരത സമ്മേളനം കോഴിക്കോട്ടു നടന്നു. ആ മഹാസംഭവം കഴിഞ്ഞ് അരനൂറ്റാണ്ടാകാറായി. അന്നു കോഴിക്കോട് കേന്ദ്രമായി ജനസംഘത്തിന്റെ ജില്ലാസംഘടനാ കാര്യദര്‍ശിയായിരുന്ന എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള സംഭവങ്ങളായിരുന്നു അത്. സമ്മേളനത്തിലെ ഒരു സവിശേഷത, അതില്‍ പങ്കെടുത്ത സ്ത്രീകളുടെ സംഖ്യയായിരുന്നുവെന്നു പറയാം. കമ്യൂണിസ്റ്റ് വാഴ്ചയിലായിരുന്ന കേരളത്തിലേക്കു പോകാന്‍ അവര്‍ക്ക് ഉത്സാഹമുണ്ടായത്. സമ്മേളനത്തിനുശേഷം കന്യാകുമാരിവരെ തീര്‍ത്ഥയാത്ര നടത്താമെന്ന കാര്യവുമാവാം. വിവേകാനന്ദ ശിലാ സ്മാരക പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ത്തിയിലേക്കെത്തുകയായിരുന്നല്ലൊ.
സമ്മേളനത്തില്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ വിശേഷാല്‍ പരിശ്രമമുണ്ടായി. കേരളത്തില്‍ എല്ലാ ജില്ലകളിലും അതു പ്രകടമായ പ്രയോജനമുണ്ടാക്കി. വിശേഷിച്ചും ആതിഥേയ ജില്ലയായ കോഴിക്കോട്ട്. കോഴിക്കോട്ട് മുതിര്‍ന്ന സംഘപ്രവര്‍ത്തകനായിരുന്ന ശ്രീറാം ഗുര്‍ജറുടെ അഭിവന്ദ്യമാതാവ് ഭാഗീരഥി ഗുര്‍ജര്‍, പ്രമുഖ സംഘാധികാരിമാര്‍ക്ക് ആതിഥേയായിട്ടുള്ളതിനാല്‍ അവരും കേരളത്തില്‍നിന്ന് ആദ്യം നാഗ്പൂരില്‍ സംഘശിക്ഷണം നേടിയവരില്‍പ്പെട്ട കുമാരന്‍ എന്ന സ്വയംസേവകന്റെ പത്നിയും മറ്റനേകം മഹിളകളും സ്ത്രീകളെ സംഘടിപ്പിക്കുന്നതിന്റെ ഭാരമേറ്റെടുത്തു. അതേസമയം സുശക്തമായി സംഘപ്രവര്‍ത്തനം നടന്നുവന്ന കടലോരങ്ങളിലെ വീടുകളില്‍നിന്നും സമ്മേളനം വിജയിപ്പിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവന്നു. ജനസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന എന്‍.പി. ശങ്കരന്റെ വീട്ടില്‍നിന്നും അദ്ദേഹത്തിന്റെ പത്നി അഹല്യയും അനുജത്തി ലക്ഷ്മിയും, മറ്റനേകം സഹോദരിമാരും രംഗത്തിറങ്ങി. അതുപോലെ കോട്ടയം, എറണാകുളം, തൃശ്ശിവപേരൂര്‍, പൊന്നാനി മുതലായ സ്ഥലങ്ങളിലും ആവേശമുണര്‍ത്തി. പൊന്നാനിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തില്‍ സജീവയായിരുന്ന ടി.പി. വിനോദിനിയമ്മ, പാലക്കാട്ടെ മോയന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ച മതിലകത്തു ദേവകിയമ്മ, ഗുരുവായൂരിലെ രാധാബാലകൃഷ്ണന്‍ മുതലായവരും രംഗത്തുവന്നു. എറണാകുളത്തും ആലുവയിലും സംഘകുടുംബങ്ങളിലെ ധാരാളം മഹിളകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കോട്ടയത്തുനിന്നും നളിനി ശ്രീധരന്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ രംഗത്തുവന്നു.
പെട്ടെന്നോര്‍മ്മ വന്നവരില്‍ ചിലരെ ഇവിടെ പരാമര്‍ശിച്ചുവെന്നതേയുള്ളൂ. സമ്മേളനം സമംഗളം പര്യവസാനിച്ചശേഷം ‘തുള്ളിയൊഴിഞ്ഞകളം’ പോലെയായ കോഴിക്കോട്ട് മഹിളകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന ചിന്ത പരമേശ്വര്‍ജിയും ഒ. രാജഗോപാലനും മറ്റും കൈവെടിഞ്ഞില്ല. പ്രമുഖരായ ജനസംഘപ്രവര്‍ത്തകര്‍ സംഘാധികാരികളുമായി ചര്‍ച്ച ചെയ്ത് മഹിളാരംഗത്തെ പ്രവര്‍ത്തനം ഔപചാരികമായി ആരംഭിക്കാന്‍ നിശ്ചയിച്ചു. ഭാരതീയ ജനസംഘം, ഭാരതീയ മസ്ദൂര്‍ സംഘം മുതലായ സംഘകുടുംബ പ്രസ്ഥാനങ്ങളെപ്പോലെ ആ സംരംഭത്തിന് ‘ഭാരതീയ മഹിളാസംഘ’മെന്ന പേരാണ് അന്നു നിര്‍ദ്ദേശിക്കപ്പെട്ടത്. സമ്മേളനം നടത്താന്‍ കോഴിക്കോട്ട് ടൗണ്‍ ഹാളിലാണ് തീരുമാനിക്കപ്പെട്ടത്. അതിന്റെ നടത്തിപ്പു മുഴുവന്‍ സ്ത്രീകള്‍ക്കായിരിക്കണമെന്നും പരമേശ്വര്‍ജി ആഗ്രഹിച്ചു. സംഘടനാ കാര്യങ്ങള്‍ സ്ത്രീകള്‍ തന്നെ നടത്താന്‍ പ്രാപ്തരാകണമെന്ന ഉദ്ദേശ്യമാണതിനു പിന്നില്‍. ഭാഗീരഥി ഗുര്‍ജര്‍ മിസിസ് ശ്രീധരന്‍, അഹല്യാ ശങ്കര്‍ തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും സംഘജനസംഘ പ്രവര്‍ത്തകരുടെ ഉള്ളഴിഞ്ഞ പ്രോത്സാഹനവുംകൊണ്ട് ആ സംരംഭം പ്രതീക്ഷിച്ചതിലും വിജയിച്ചു. അഹല്യയെയും ലക്ഷ്മി, അംബുജാക്ഷി മുതലായ കടപ്പുറത്തെ സഹോദരിമാരെയും അവരുടെ കുടുംബത്തിന്റെ സംഘനിഷ്ഠമൂലം ഞങ്ങള്‍ക്കൊക്കെ നന്നായി അറിയുമായിരുന്നു.
അന്നത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് മാത്രമല്ല പാലക്കാട്, തൃശ്ശിവപേരൂര്‍, എറണാകുളം, കോട്ടയം മുതലായയിടങ്ങളില്‍നിന്നും സമ്മേളനത്തില്‍ പ്രാതിനിധ്യമുണ്ടായി. ടൗണ്‍ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. മതിലകത്തു ദേവകിയമ്മ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിനോദിനിയമ്മയും അഹല്യാ ശങ്കറും ഭാഗീരഥീ ഗുര്‍ജര്‍ മിസിസ്. ശ്രീധരന്‍ മുതലായവരും വേദിയില്‍ ഇരുന്നു. പരമേശ്വര്‍ജിയും അധ്യക്ഷ വേദിയില്‍ കയറി.
വളരെക്കാലമായി കേരളത്തിലെ രാജനൈതിക രംഗത്തുനിലനിന്ന ഒരു ശൂന്യത ആ സമ്മേളനം നികത്തി. അഖിലേന്ത്യാ സമ്മേളനത്തിന്റെ കരുത്തു സൃഷ്ടിച്ച അന്തരീക്ഷം നിലനിന്നിരുന്നതിനാല്‍ മാതൃഭൂമി, മനോരമ മുതലായ പത്രങ്ങളും അതിനു നേരെ കണ്ണടച്ചില്ല. സമ്മേളനത്തിന്റെ സമാപനത്തിനു മുമ്പ് കുട്ടികളുടെ കലാപരിപാടിയുമുണ്ടായി. സ്‌കൂള്‍ ആഘോഷങ്ങളിലെ മത്സരത്തിനും മറ്റുമായി, കുട്ടികള്‍ കലാപരിപാടികള്‍ അഭ്യസിക്കുന്ന പതിവ് അന്നാരംഭിച്ചിരുന്നു. കലാപരിപാടികള്‍ അക്ഷരാര്‍ത്ഥത്തില്‍ അരങ്ങുതകര്‍ത്തു.
ആ പരിപാടിക്കുശേഷം മഹിളാ സംഘത്തിന്റെ സജീവ പ്രവര്‍ത്തനത്തില്‍ അഹല്യ തുടര്‍ന്നു. സംഘടനാ രംഗത്തും ജനസംഘത്തിന്റെയും, പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയുടെയും നേതൃത്വത്തിന്റെ മുന്‍നിരയില്‍ അവര്‍ മുന്നേറി. സംഘടനാ കാര്യദര്‍ശിയായി കോഴിക്കോട്ടുണ്ടായിരുന്ന കാലത്ത് അവരുടെ വീട്ടിലെ ഒരംഗത്തിന്റെ സ്ഥാനമെനിക്കുണ്ടായിരുന്നു.
അതിനുശേഷം ജന്മഭൂമിയുടെ ചുമതലയിലേക്കു ഞാന്‍ നിയുക്തനായപ്പോള്‍ തുടക്കത്തില്‍ കോഴിക്കോടുണ്ടായിരുന്നെങ്കിലും, അടിയന്തരാവസ്ഥക്കാലത്തെ അറസ്റ്റും ജയില്‍വാസവും ഒളിവുകാലവും കഴിഞ്ഞ്, ജന്മഭൂമിയുടെ ചുതമലയേല്‍ക്കേണ്ടിവന്ന ശേഷം അവരുമായുള്ള സമ്പര്‍ക്കം വിരളമായി. വര്‍ഷങ്ങള്‍ കഴിഞ്ഞ് മാധവജി അന്തരിച്ചപ്പോള്‍, അദ്ദേഹത്തെക്കുറിച്ച് ജന്മഭൂമി ഒരു വിശേഷാല്‍ പതിപ്പ് പുറത്തിറക്കാന്‍ നിശ്ചയിച്ചു. അക്കാലത്തു ജന്മഭൂമി മുന്നോട്ടു നീങ്ങാന്‍ ചക്രശ്വാസം വലിക്കുകയായിരുന്നു. മാധവജിപ്പതിപ്പില്‍ ഒരു അന്ത്യാഞ്ജലി പരസ്യം വഴിയായി കുറെ സംഖ്യ ഉണ്ടാക്കാമെന്നു വിചാരിച്ച് ശ്രമം നടത്തി. അതിന്റെ ആവശ്യാര്‍ത്ഥം കോഴിക്കോട്ട് സാമൂതിരി ഹൈസ്‌കൂളില്‍ നടന്ന ഒരു പരിവാര്‍ ബൈഠകില്‍ പോകുകയും, ഈ വിവരം അവിടെ അവതരിപ്പിക്കുകയും ചെയ്തു. മാധവജിക്കു ശ്രദ്ധാഞ്ജലി എന്ന് ആളുടെ പേരും മാത്രം കൊടുത്ത് ഒരു കോളം ബോക്സ് ആയിരുന്നു ഉദ്ദേശം. ആ ബൈഠക്കില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു മുന്നില്‍ ഞാന്‍ വിഷയം അവതരിപ്പിച്ചു. അവിടെ സന്നിഹിതരായവര്‍ മുഴുവനും മാധവജിയുടെ വാത്സല്യവും സ്നേഹോഷ്മളതയും അനുഭവിച്ചവരായതിനാല്‍ സംരംഭം വിജയിച്ചു. ആ ആദരാഞ്ജലിപ്പതിപ്പില്‍ മാധവജിയുടെ സംക്ഷിപ്ത ജീവചരിത്രവും അപൂര്‍വ ചിത്രങ്ങളും കൊടുത്തിരുന്നു. മാധവജിയുടെ കുടുംബാംഗങ്ങളുടെ സഹകരണം കൊണ്ട് കൈക്കുഞ്ഞ് പ്രായം മുതല്‍ അന്ത്യം വരെയുള്ള മാധവ്ജിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്താന്‍ സാധിച്ചു. ബൈഠക്കിനുവന്നവരെ സമീപിച്ചു അവരുടെ പങ്കു നിര്‍വഹിപ്പിക്കാന്‍ അന്നു അഹല്യയായിരുന്നു എന്നെ സഹായിച്ചത്.
എന്റെ വിവാഹം കഴിഞ്ഞു ഏതാനും മാസം പിന്നിട്ടപ്പോള്‍ കോഴിക്കോട്ടുനിന്നും എം. ശ്രീധരന്റെയും അഹല്യയുടെയും ഫോണ്‍കോള്‍. കോഴിക്കോട്ടെ സ്വയംസേവകര്‍ ബസ്സില്‍ കന്യാകുമാരിക്കു പോകുന്നു. ഞങ്ങള്‍ എറണാകുളത്തുനിന്നു ചേരണമെന്നായിരുന്നു താല്‍പര്യം. ആ കന്യാകുമാരി യാത്ര ഒരിക്കലും മറക്കില്ല. തികഞ്ഞ കോഴികോട്ടന്തരീക്ഷത്തില്‍, ശ്രീപത്മനാഭസ്വാമി ദര്‍ശനവും, കന്യാകുമാരിയിലെ ദേവീദര്‍ശനവും ഉദയാസ്തമന ദര്‍ശനങ്ങളും സാധിച്ചു. ഹരിയേട്ടനും അവിടെചെന്ന് മാനനീയ ഏകനാഥ റാനഡേജിയുമായും സംസാരിക്കാന്‍ അവസരം ലഭിച്ചു. മടങ്ങുംവഴിക്ക് വര്‍ക്കല ശിവഗിരിയിലെ ഗുരുസമാധിയിലും ദര്‍ശനം നടത്തി. എറണാകുളത്തെത്തിയപ്പോള്‍ കച്ചേരിപ്പടിയില്‍ അവരോട് വിടപറഞ്ഞു. പിന്നീട് അഹല്യയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചതായി ഓര്‍ക്കുന്നില്ല. സംഘപ്രസ്ഥാനങ്ങള്‍ക്കു കോഴിക്കോട്ടെ സ്ത്രീചൈതന്യമായിരുന്നു അഹല്യാശങ്കര്‍, അനീതിക്കെതിരായ പോരാട്ടത്തിന്റെ നായികയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: