ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയിലെ ബങ്കറുകള്‍ വൃത്തിയാക്കാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം.
ഭാരത പാക് അതിര്‍ത്തിയിലുള്ള ചുരുണ്ട ഗ്രാമത്തിലെ ബങ്കറുകള്‍ വൃത്തിയാക്കിവെക്കാനും താമസയോഗ്യമാക്കാനുമാണ് സര്‍ക്കാര്‍ ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉറിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള 1500 ഓളം പേര്‍ താമസിക്കുന്ന ഗ്രാമമായ ചുരുണ്ടയില്‍ ഗ്രാമവാസികള്‍ക്കായി 2019ലാണ് സര്‍ക്കാര്‍ മൂന്ന് ബങ്കറുകള്‍ സ്ഥാപിച്ചത്.
ദീര്‍ഘകാലമായി അതിര്‍ത്തിയില്‍ താമസിക്കുന്ന കശ്മീരികളുടെ ജീവിതത്തിന്റെ ഭാഗമാണ് ബങ്കറുകള്‍. സംഘര്‍ഷമില്ലാത്ത സമയങ്ങളില്‍ അടുക്കളയായും സ്റ്റോര്‍ റൂം ആയുമെല്ലാം മാറുന്ന ഈ ബങ്കറുകള്‍ സംഘര്‍ഷം തുടങ്ങുന്നതോടെ അഭയകേന്ദ്രങ്ങളായി മാറും.
2017ല്‍ ജമ്മു ഡിവിഷനിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയിലും (ഐബി) നിയന്ത്രണ രേഖയിലും 14,460 ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി കേന്ദ്രം 415 കോടി രൂപ അനുവദിച്ചിരുന്നു. ജമ്മു പ്രവിശ്യയിലെ കതുവ, സാംബ, ജമ്മു, പൂഞ്ച്, രജൗരി ജില്ലകളിലായി 14,460 ബങ്കറുകള്‍ നിര്‍മ്മിക്കാനായിരുന്നു ഈ പണം. ഇതില്‍ 7700 ബങ്കറുകളുടെ നിര്‍മ്മാണം 2020ഓടെ പൂര്‍ത്തിയായി.
ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതലുള്ളത് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബങ്കറുകളായിരുന്നു. ഇത്തരം 13,029 ബങ്കറുകളും 1431 കമ്മ്യൂണിറ്റി ബങ്കറുകളും നിര്‍മ്മിക്കാനാണ് തീരുമാനമെടുത്തിരുന്നത്. 160 ചതുരശ്ര അടിയാണ് ഓരോ കുടുംബ ബങ്കറിന്റെയും വിസ്തീര്‍ണ്ണം. ഇതില്‍ എട്ട് പേര്‍ക്ക് താമസിക്കാം.
800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളവയാണ് കമ്മ്യൂണിറ്റി ബങ്കറുകള്‍. ഇവയിലോരോന്നിലും 40 പേര്‍ക്ക് താമസിക്കാനാകും. ഇപ്പോഴും മേഖലയില്‍ പലയിടങ്ങളിലായി ബങ്കറുകളുടെ നിര്‍മ്മാണം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക