കൊച്ചി: സമുദ്രോത്പന്ന വ്യവസായത്തിന് വികസന പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയ രീതികള്‍, ആധുനികവല്‍ക്കരണം, സുസ്ഥിര വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സിഎംഎഫ്ആര്‍ഐ) നടന്നു. ജൂണ്‍ 12, 13 തീയതികളിലായി മുംബൈയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫിഷറീസ് ടെക് എക്‌സ്‌പോ 2025ന്റെ മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്.
മത്സ്യകൃഷി, മത്സ്യബന്ധന മേഖലയിലും, അന്താരാഷ്‌ട്ര വിപണനത്തിലും സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ എന്ന പ്രമേയത്തില്‍ വിപണിയിലെ അസ്ഥിരത, മൂല്യവര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, അമിത മത്സ്യബന്ധനം, അന്താരാഷ്‌ട്ര വ്യാപാര തടസങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ചകള്‍ നടന്നു.
സമുദ്രോത്പന്ന കയറ്റുമതിയുടെ തലസ്ഥാനമായിരുന്ന സംസ്ഥാനത്ത് ഇന്ന് പല സംസ്‌കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണ്. ഈ അവസ്ഥ തടയാന്‍ ശാസ്ത്രീയ പരിഹാരങ്ങള്‍ക്കൊപ്പം നയത്തിലും പൊതുധാരണയിലും തന്ത്രപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോ. ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഡോ. കെ. എന്‍. രാഘവന്‍ പറഞ്ഞു. നിര്‍ണായക നടപടികളില്ലെങ്കില്‍, ആന്ധ്രാപ്രദേശും മറ്റ് തീരദേശ സംസ്ഥാനങ്ങളും മുന്നേറുമ്പോള്‍ കേരളം കൂടുതല്‍ പിന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അബാദ് ഗ്രൂപ്പ് എംഡി അന്‍വര്‍ ഹാഷിം, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ്, വിഐഎസ് ഗ്രൂപ്പ് എംഡി ജെ.പി. നായര്‍, ഡയറക്ടര്‍ മംഗള ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: