തിരുവനന്തപുരം: കേരളം ആഗോള സമുദ്ര മേഖലയുടെ കേന്ദ്രമായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരദേശ സംസ്ഥാനങ്ങളും തുറമുഖ നഗരങ്ങളും വികസിത ഭാരതത്തിന്റെ വളര്‍ച്ചയുടെ പ്രധാന കേന്ദ്രങ്ങളായി മാറും. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം ആഴക്കടല്‍ തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം രാജ്യത്തിന്റെ അഭിമാനവും പുരോഗതിയിലേക്കുള്ള ചുവടുവെപ്പുമാണ്. തുറമുഖം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകു ഭരതത്തിന്റെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാന പുരോഗതിയായ വിഴിഞ്ഞം പുതുതലമുറ വികസനത്തിന്റെ പ്രതീകവുമാണ്. മോദി പറഞ്ഞു.
കേരളം രാജ്യപുരോഗതിക്ക് വലിയ പങ്കുവഹിച്ചു. കേരളത്തിന് ഇനിയും വലിയ പങ്കുവഹിക്കാനുണ്ട്. സാമ്പത്തിക പുരോഗതിക്ക് തുറമുഖം ആവശ്യമാണ്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. കേരളവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട്. അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളുടെ കഴിവുകള്‍ രാജ്യത്തിന്റെ സമുദ്ര മേഖലയെ മുന്നോട്ട് നയിക്കും.സാഗര്‍മാല പദ്ധതിയിലൂടെയും പി.എം. ഗതിശക്തി പദ്ധതിയിലൂടെയും തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും സാധ്യമാക്കി. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും നമ്മുടെ തുറമുഖ നഗരങ്ങളും വികസിത ഭാരതത്തിന്റെ വളര്‍ച്ചയുടെ പ്രധാന കേന്ദ്രങ്ങളായി മാറും, പ്രധാനമന്ത്രി പറഞ്ഞു.
പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കോടികണക്കിന് രൂപയുടെ നിക്ഷേപം നടന്നു. വന്ദേഭാരത്, ബൈപ്പാസുകള്‍, ജലജീവന്‍ തുടങ്ങി കേരളത്തിന് നിരവധി പദ്ധതികള്‍ നല്‍കി.
ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാന പുരോഗതിയാണ് വിഴിഞ്ഞം. ട്രാന്‍സ്ഷിപ്പ് ഹബ് നിലവിലുള്ള ക്ഷമതയില്‍നിന്നു വരുംകാലത്ത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. അതിലൂടെ ലോകത്തിലെ വലിയ വലിയ ചരക്കുകപ്പലുകള്‍ക്ക് വളരെ വേഗത്തില്‍ വിഴിഞ്ഞത്ത് എത്തിച്ചേരാന്‍ കഴിയും. ഇത് സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടും. രാജ്യത്തിന്റെ ട്രാന്‍സ്ഷിപ്പ്‌മെന്റ് രംഗത്തെ നഷ്ടം ഇല്ലാതാക്കാന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ കഴിയും. ഈ രംഗത്ത് പുറത്തു നല്‍കിയിരുന്ന പണം കേരളത്തിനും വിഴിഞ്ഞത്തെ ജനങ്ങള്‍ക്കും പുതിയ സാമ്പത്തിക സാധ്യതകള്‍ തുറന്നു നല്‍കും. നരേന്ദ്രമോദി പറഞ്ഞു.
കേരളത്തില്‍ ഒരുഭാഗത്ത് വിശാലസാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതിരമണീയമായ പ്രദേശങ്ങള്‍. ഇതിനിടയിലാണ് പുതുതലമുറ വികസനിന്റെ മാതൃകയായി വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത്. 8800 കോടി രൂപ ചെലവിട്ടാണ് തുറമുഖം നിര്‍മിക്കുന്നത്. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്. ഇതിനു മാറ്റം വരികയാണ്. രാജ്യത്തിന്റെ ട്രാന്‍സ്ഷിപ്പ്‌മെന്റ് രംഗത്തെ നഷ്ടം ഇല്ലാതാക്കാന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ കഴിയും. ഈ രംഗത്ത് പുറത്തു നല്‍കിയിരുന്ന പണം കേരളത്തിനും വിഴിഞ്ഞത്തെ ജനങ്ങള്‍ക്കും പുതിയ സാമ്പത്തിക സാധ്യതകള്‍ തുറന്നു നല്‍കും. നരേന്ദ്രമോദി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രം മുന്‍ഗണന നല്‍കുന്നു. മത്സ്യ സമ്പദ് യോജന മുന്നേറ്റങ്ങളെ മെച്ചപ്പെടുത്തുന്നു. പൊന്നാനി, പുതിയപ്പ തുറമുഖങ്ങളുടെ നവീകരണവും ഏറ്റെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നു അധ്യക്ഷം വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ ജി.ആര്‍.അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: