തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ് പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്തത്. അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്.
ആദിശങ്കരാചാര്യ ജയന്തി ആണിന്ന്. മൂന്ന് വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് പുറപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മഠങ്ങള്‍ സ്ഥാപിച്ച് രാഷ്‌ട്രചൈതന്യം നിറയ്‌ക്കാന്‍ ശ്രമിച്ചു. ഈ ചരിത്രനിമിഷത്തില്‍ അദ്ദേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇപ്പോൾ ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ് നിലവിലുള്ള ക്ഷമതയിൽ നിന്നും മൂന്നിരട്ടിയായി വരുംകാലത്ത് വർദ്ധിപ്പിക്കും. അതോടെ ലോകത്തിലുള്ള വലിയ ചരക്ക് കപ്പലുകൾക്ക് ഇവിടെ എത്തിച്ചേരാനാകും. ഇത്രയും കാലം ഭാരതത്തിന് പുറത്തുള്ള പോർട്ടുകളിലാണ് 75 ശതമാനത്തിലധികം ട്രാൻസ്‌ഷിപ്പ്‌മെന്റ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വളരെയധികം സാമ്പത്തിക നഷ്‌ടം ഉണ്ടാകുമായിരുന്നു. ഈ സ്ഥിതിക്ക് ഇനി മാറ്റം കൊണ്ടുവരും.
രാജ്യത്തിന് പണം നമുക്കുതന്നെ പ്രയോജനപ്പെടും. പുറത്തേക്ക് ഒഴുകിയിരുന്ന പണം ഇനി കേരളത്തിനും വിഴിഞ്ഞം പോർട്ടിനും അതിലൂടെ ജനങ്ങൾക്കും പ്രയോജനപ്പെടും. കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കി. ഇൻഡി സഖ്യത്തിലെ പ്രധാന നേതാക്കളാണല്ലോ പിണറായി വിജയനും ശശി തരൂരും. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും.
ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് രാജ്യത്തിന്റെ വന്‍ വികസന പദ്ധതികള്‍ നടക്കുന്നത്. തുറമുഖ മന്ത്രി പ്രസംഗിക്കുമ്പോള്‍ സ്വകാര്യമേഖലയ്‌ക്ക് പ്രധാന്യം നല്‍കണമെന്ന് അദാനിയെ ചൂണ്ടിപ്പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണ് ഇത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതത്തിന്റെ സൂചനയെന്നും മോദി പറഞ്ഞു.
രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: