തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്ത് എത്തി. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 17 പേർക്ക് ഇരിപ്പിടം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എം.വിന്‍സെന്റ് എംഎല്‍എ, ശശി തരൂര്‍ എംപി ഉൾപ്പെടെ 17 പേർക്കാണ് വേദിയിൽ ഇരുപ്പിടം ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്ന പരാതികൾക്കിടയിലാണ് അദ്ദേഹത്തിനും ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അതേസമയം സതീശൻ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി മന്ത്രി വി.എൻ. വാസവൻ എന്നിവർ മാത്രമാണ് സംസാരിക്കുക. ആദ്യഘട്ടത്തിൽ പ്രതിപക്ഷനേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ല. എം വിൻസന്റ് എംഎൽഎയെ മാത്രമായിരുന്നു ക്ഷണിച്ചിട്ടുണ്ടായിരുന്നത്. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം.
വിഷയം പ്രതിഷേധത്തിന് ഇടയാക്കിയതോടെ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിൽ നിന്ന് ഒരു ക്ഷണകത്ത് പ്രതിപക്ഷനേതവിന്റെ ഓഫീസിലെത്തിയത്.
എന്നാൽ കത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഒരു ചടങ്ങ് വിഴിഞ്ഞത്തുണ്ട്. ആ ചടങ്ങിൽ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ കത്ത് പോലും അപമാനിക്കുന്നതിനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ട്രയൽ റണ്ണിനും പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: