Kerala

കേരപദ്ധതി വായ്പ തുകയും വകമാറ്റി; വിശദീകരണം ചോദിച്ച് ലോകബാങ്ക്

Published by

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഫണ്ട് വകമാറ്റിയതിന് പിന്നാലെ ലോക ബാങ്ക് വായ്പയും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി. കൃഷിവകുപ്പിനുള്ള കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേനൈസേഷന്‍ പ്രോജക്ട് എന്ന കേര പദ്ധതിയുടെ വായ്പ വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം ചോദിച്ച് ലോക ബാങ്ക്. പണം എത്രയും വേഗം കൈമാറിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് പരാതി അറിയിക്കേണ്ടിവരുമെന്നും ലോക ബാങ്കിന്റെ മുന്നറിയിപ്പ്.

2366 കോടി രൂപയുടെ പദ്ധതിയില്‍ 1656 കോടി ലോക ബാങ്ക് വായ്പയും 710 കോടി സംസ്ഥാന വിഹിതവുമാണ്. കാലാവസ്ഥ വ്യതിയാനം ചെറുക്കാനും മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളും ചെറുകിട സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിക്കായാണ് വായ്പ അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായ 139.66 കോടി മാര്‍ച്ച് 17ന് ലോക ബാങ്ക് ട്രഷറിക്ക് കൈമാറി. ആ തുകയ്‌ക്ക് ഒപ്പം സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ഒരാഴ്ചയ്‌ക്കകം കൃഷി വകുപ്പിന് കൈമാറണം. എന്നാല്‍ ഈ തുക കൃഷിവകുപ്പിന്റെ അക്കൗണ്ടില്‍ എത്തിയില്ല. പണം ലഭ്യമായോ എന്നറിയാനായി ലോകബാങ്ക് കൃഷിവകുപ്പിനെ ബന്ധപ്പെട്ടിരുന്നു. തുക ലഭിച്ചില്ലെന്ന് കൃഷി വകുപ്പ് മറുപടി നല്‍കി. ഇതോടെയാണ് ലോകബാങ്ക് വിശദീകരണം ചേദിച്ച് ഏപ്രില്‍ 27ന് ധനവകുപ്പിന് കത്തയച്ചത്. കൃഷിവകുപ്പിനോടും പണം കിട്ടാത്തതിന്റെ കാരണം വിശദീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ചെലവഴിക്കാന്‍ തുകവകമാറ്റിയെന്നാണ് സൂചന. മെയ് മാസം അഞ്ചിന് ലോകബാങ്ക് സംഘം കേരളത്തില്‍ എത്തുന്നുണ്ട്. വായ്പ തുക വകമാറ്റല്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നാണ് വിവരം. അതിനുമുന്നേ തുക കൃഷിവകുപ്പിന്റെ അക്കൗണ്ടില്‍ എത്തിക്കാനുള്ള നീക്കം ധനവകുപ്പ് ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണ് വായ്പാതുക വൈകാന്‍ കാരണമെന്ന് ലോകബാങ്കിനെ അറിയിക്കാനും ധനവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക