ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ തലയില്ലാത്ത ചിത്രം പ്രചരിപ്പിച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം കോണ്‍ഗ്രസിന്റെ പലനേതാക്കളും നടത്തുന്ന പ്രസ്താവനകളും കോണ്‍ഗ്രസിന്റെ എക്സ് അക്കൗണ്ടുകളില്‍ വരുന്ന പോസ്റ്റുകളും പാകിസ്ഥാന്‍ ആയുധമാക്കുന്നുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് തലയില്ലാത്ത, ശരീരമില്ലാത്ത വസ്ത്രങ്ങള്‍ മാത്രം കാണിക്കുന്ന ചിത്രം കോണ്‍ഗ്രസ് അക്കൗണ്ടില്‍ പങ്കുവെച്ചത്.
കോണ്‍ഗ്രസ് നിലപാട് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. കോണ്‍ഗ്രസ് അതിന്റെ രണ്ട് മുഖങ്ങള്‍ വെളിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ്, ലഷ്‌കര്‍- ഇ-പാകിസ്ഥാന്‍ കോണ്‍ഗ്രസ് ആയി മാറിയതായും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഭാരതത്തിലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയാണെങ്കിലും അത് നിരന്തരം അതിന്റെ രണ്ട് മുഖങ്ങള്‍ വെളിപ്പെടുത്തുകയും ലഷ്‌കര്‍ ഇ പാകിസ്ഥാന്‍ കോണ്‍ഗ്രസായി മാറുകയും ചെയ്യുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഭീകരര്‍ക്ക് മറുപടി നല്‍കുമെന്ന് പൂര്‍ണ ഉറപ്പ് നല്‍കിയ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയില്ലാത്ത ചിത്രം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതെന്നും ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നുവെന്ന് പറയുകയും തുടര്‍ന്ന് ഇതുപോലുള്ള പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് പാകിസ്ഥാന് ഒരു സന്ദേശം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ ട്വീറ്റിനെ പാകിസ്ഥാനില്‍ നിന്നുള്ളവര്‍ അഭിനന്ദിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഈ ട്വീറ്റിനെക്കുറിച്ച് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസും പാകിസ്ഥാനും പങ്കിടുന്ന ഒരേ സംസ്‌കാരത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള പോസ്റ്റെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാല പ്രതികരിച്ചു.
പാകിസ്ഥാന്‍ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നതുപോലെയുള്ള അതേ മാനസികാവസ്ഥയാണ് കോണ്‍ഗ്രസ് ഇവിടെയും പ്രോത്സാഹിപ്പിക്കുന്നത്. സിദ്ധരാമയ്യ, അഖിലേഷ് യാദവ് തുടങ്ങിയ ഇന്‍ഡി മുന്നണി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ പാകിസ്ഥാന്‍ നേതാക്കള്‍ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: