ചെറുതോണി : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്‌ക്ക് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത മേള വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ മെയ് 5 വരെയാണ് നടക്കുന്നത്.
മേളയ്‌ക്ക് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ 9 ന് ചെറുതോണി മുതൽ മേളയുടെ വേദി വരെ വിളംബര ഘോഷയാത്ര നടന്നു. ചെറുതോണി പുതിയ ബസ്സ്റ്റാൻഡിന് സമീപത്തുനിന്നാരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാക്കുന്നേൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്ര മേളനഗരിയായ വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. പൊതുസമ്മേളനവും മന്ത്രി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബരഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്‌ക്ക് മന്നാൻകൂത്ത്, മയിലാട്ടം, തെയ്യം, നൃത്താവിഷ്‌കാരങ്ങൾ, കരാട്ടെ തുടങ്ങിയ കലാരൂപങ്ങൾ മിഴിവേകി.
ത്രിതല പഞ്ചായത്തുകൾ, എസ്പിസി കേഡറ്റ് ,കുടുംബശ്രീ മിഷൻ, ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഭൂരേഖ സർവേ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, സഹകരണ വകുപ്പ്, പട്ടികവർഗ വികസനവകുപ്പ്, ജലവിഭവ വകുപ്പ്, എക്‌സൈസ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഉപഭോക്തൃവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളും വിളംബര ഘോഷയാത്രയിൽ അണിചേർന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എ. രാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറനാക്കുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും വിവിധ മിഷനുകളുടെയും 160 ഓളം സ്റ്റാളുകളാണുള്ളത്. സംസ്ഥാനത്തിന്റെ വികസനത്തിലെ നാഴികക്കല്ലുകൾ, വിനോദ സഞ്ചാരമേഖലയിലെ സവിശേഷതകൾ, നമ്മുടെ നാടിന്റെ ചരിത്രം, അഭിമാനം, നേട്ടങ്ങൾ, പ്രതീക്ഷ, ഭാവി തുടങ്ങിയവ മേളയിൽ പ്രതിഫലിക്കും. കലാ-സാംസ്‌കാരിക പരിപാടികൾ, വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും.
















