Kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം: ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയും പ്രതി

നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാ ജോസും സുഹൃത്തുക്കളാണ്

Published by

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കാലടി സ്വദേശിനി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വിരോധമാണ് വ്യാജലഹരി അവരുടെ ബാഗില്‍ വയ്‌ക്കുന്നതിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പൊലീസ് അന്വേഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിദേശത്തേക്ക് കടന്ന ലിവിയയെ മടക്കി എത്തിക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.ഷീലാ സണ്ണിയെ കുടുക്കിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ നാരായണ ദാസിനെ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാ ജോസും സുഹൃത്തുക്കളാണ് സാമ്പത്തികമായും കുടുംബ പരമായും ലിവിയക്കും കുടുംബത്തിനും ഷീലയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു.ഇതാണ് ഷീലയ്‌ക്കെതിരെ തിരിയാന്‍ പ്രേരണയായാത്. നാരായണദാസുമായി ചേര്‍ന്ന് ലിവിയ ബംഗലൂരുവില്‍ നിന്നാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രില്‍ 27 ന് തലേ ദിവസം ലിവിയ ഷീലയുടെ വീട്ടിലെത്തി ബാഗിലും സ്‌കൂട്ടറിലും സ്റ്റാമ്പ് വച്ചു. ഇരിങ്ങാലക്കുടയിലെ എക്‌സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് അന്നു തന്നെ നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവും പോക്കും കാട്ടിക്കൊടുത്തു.

27 ന് ഷീലയെ എക്‌സൈസ് സംഘം പിടികൂടിയപ്പോഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് 72 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം.

മാര്‍ച്ച് ഏഴിന് ഗൂഢാലോചന അന്വേഷണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഇതിന് തലേ ദിവസം ആറാം തീയതി ലിവിയ വിദേശത്തേക്ക് കടന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by