ന്യൂദൽഹി: പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് വ്യോമാതിർത്തി അടയ്‌ക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതോടൊപ്പം പാക് കപ്പലുകൾ ഇന്ത്യൻ തുറമുഖത്തെത്തുന്നതും തടയുന്നതിനുള്ള തീരുമാനവും എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങൾ വ്യോമാതിർത്തി കടക്കുന്നത് പാകിസ്ഥാൻ നേരത്തേ നിരോധിച്ചിരുന്നു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, പാക്കിസ്ഥാനെതിരെ ഇന്ത്യ കർശന നടപടികൾ എടുത്തിരുന്നു. ഇതിന് പകരമായി പാകിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചിട്ടു. ഇന്ത്യ ഇതിനകം സിന്ധു ജല കരാർ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും പാകിസ്ഥാൻ പൗരന്മാരുടെ വിസ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
26പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരരിൽ രണ്ടുപേർ പാകിസ്ഥാനികളാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. കാശ്‌മീരികളായ ഭീകരവാദികളുടെ വീട് തകർക്കുന്നതുൾപ്പെടെയുള്ള നടപടികൾ നടന്നുവരികയാണ്. ഭീകരാക്രമണത്തില്‍ എൻഐഎ അന്വേഷണം തുടരുകയാണ്. ആക്രമണ സമയത്ത് മരത്തിന് മുകളിൽ കയറി ഒളിച്ച പ്രദേശവാസിയായ പ്രധാന ദൃക്സാക്ഷിയുടെ മൊഴി എന്‍ഐഎയ്‌ക്ക് ലഭിച്ചു. ഭീകരർ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാൾ പോലീസിന് വിവരങ്ങൾ നല്‍കിയിട്ടുണ്ട്. എൻഐഎയും ഇയാളെ ബൈസരൺവാലിയിൽ എത്തിച്ച് തെളിവെടുത്തു.
സാംബ, കത്തുവ മേഖല വഴിയാണ് ഭീകരർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക