കോട്ടയം: പ്രാദേശിക ഘടങ്ങളിലെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്. കേന്ദ്രത്തിലും കേരളത്തിലും അധികാരവും സ്വാധീനവും നഷ്ടപ്പെട്ടതോടെ പ്രാദേശിക ഘടകള്‍ പ്രതീക്ഷ നശിച്ച് നിര്‍ജീവാവസ്ഥയിലാണ്. അതിനിടെയാണ് പരസ്പരമുള്ള ചേരിപ്പോരുകള്‍. സമവായത്തിനായി ജില്ലാതല കോര്‍ കമ്മിറ്റികള്‍ നിലവിലുണ്ടെങ്കിലും അവിടെയൊന്നും പരിഹരിക്കാനാവുന്നതല്ല താഴെത്തട്ടിലുള്ള പ്രശ്നങ്ങള്‍. ഇക്കണക്കിനു പോയാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് കെപിസിസി നേരിട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി പ്രത്യേക സംഘത്തെത്തന്നെ നിയോഗിച്ചിരിക്കയാണ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ അതതു ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ അടക്കം ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിച്ചാണ് പ്രശ്നപരിഹാരത്തിനായി തയ്യാറെടുക്കുന്നത്. ഈ സമിതി പ്രാദേശിക ഘടകങ്ങളെ വിളിച്ചുവരുത്തി പരാതികള്‍ക്ക് പരിഹാരമുണ്ടാക്കണം. പ്രാദേശിക തലത്തില്‍ യുവജനങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് താഴേത്തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: