ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വ്യോമപാതയിലെ മാറ്റം, യാത്രാ സമയത്തിലെ വര്‍ധന, യാത്രക്കിടെയുള്ള സാങ്കേതികതടസങ്ങള് എന്നിവ സംബന്ധിച്ച് യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഈ ആശയവിനിമയം ചെക്ക്-ഇന്‍, ബോര്‍ഡിംഗ് എന്നിവിടങ്ങളിലും ഡിജിറ്റല്‍ അലര്‍ട്ടുകള്‍ എന്നിവ മുഖേനയും നടപ്പാക്കണം.
ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കണം. യഥാര്‍ത്ഥ യാത്രാസമയം അടിസ്ഥാനമാക്കി ഭക്ഷണവിതരണം പരിഷ്കരിക്കണം. വിമാനത്തിനുള്ളില്‍ മരുന്നുകളും ഉപകരണങ്ങളും അടക്കമുള്ളവ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കണം. സാങ്കേതിക സ്റ്റോപ്പിന് സാധ്യതയുള്ള വിമാനത്താവളങ്ങളില്‍ അടിയന്തര സേവനങ്ങളുടെ ലഭ്യത പരിശോധിക്കണം. കണക്ഷന് ഫ്ളൈറ്റുകള്‍ നഷ്ടപ്പെടുന്നതടക്കമുള്ള കാര്യങ്ങള്‍, സഹായധനം, നഷ്ടപരിഹാരം നല്കല് എന്നിവ കൈകാര്യം ചെയ്യുന്നതിനായി കോള്‍ സെന്ററുകളും ഉപഭോക്തൃസേവന സംഘങ്ങളെയും സജ്ജമാക്കണം. എല്ലാ വിമാനക്കമ്പനികളും ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം. എന്തെങ്കിലും വിഴ്ച സംഭവിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍ദേശത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: