തിരുവനന്തപുരം: ഉദ്ഭവ സ്ഥാനത്ത് പോലും കിള്ളിയാർ സുരക്ഷിതമല്ലെന്ന് ജലനിധി മുൻ ഡയറക്ടർ ആർ. സുഭാഷ് ചന്ദ്രബോസ്. ഈ പുഴയെ മലിനമാക്കുന്നതിൽ നിങ്ങൾക്കും ഞങ്ങൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാലിന്യങ്ങൾ വലിച്ചെറിയാനുള്ളതാണ് ഈ പുഴകളെന്നാണ് ചിലരുടെ ധാരണയെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് അനന്തപുരിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിള്ളിയാർ കയ്യേറുകയും ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റുകാർ കയ്യേറിയിട്ടുണ്ട്. മാലിന്യങ്ങൾ നിറഞ്ഞ് അതിന്റെ സ്വാഭാവിക ഒഴുക്ക് തന്നെ തടസപ്പെട്ടിരിക്കുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ പിതൃകർമ്മം നടത്തിക്കഴിഞ്ഞാൽ ഇവിടെ മുങ്ങിക്കുളിക്കാൻ പോലും സാധിക്കില്ല. അത്രയ്‌ക്ക് മലിനമാണ് കിള്ളിയാർ.
നമ്മുടെ ആചാരങ്ങളിൽ പോലും ജലത്തിന് വലിയ പങ്കാണുള്ളത്. സംസ്ക്കാരത്തെ നിർമ്മിക്കാനും ഇല്ലാതാക്കാനും ജലത്തിന് കഴിയും. വെള്ളത്തിന് ഒരു ശക്തിയുണ്ട്. ജലമില്ലാതെ ഒരു നിമിഷം പോലും നമുക്ക് ജീവിക്കാനാവില്ല. കിള്ളിയാറിനെ സംരക്ഷിക്കാൻ ബഹുജന സന്ദേശം നൽകാനുള്ള ജന്മഭൂമിയുടെ ലക്ഷ്യത്തെ അഭിനന്ദിക്കുന്നുവെന്നും സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: