ന്യൂദല്‍ഹി: ഭൗതിക പുരോഗതി വാഗ്ദാനം ചെയ്ത എല്ലാ പാശ്ചാത്യമാതൃകകളും തകര്‍ന്നതാണ് ലോകത്തിന്റെ അനുഭവമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സുദീര്‍ഘകാലം ആ പാതയില്‍ സഞ്ചരിച്ച രാജ്യങ്ങളെല്ലാം സംഘര്‍ഷത്തിലാണ്. പാരിസ്ഥിതികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍ ഇത് മൂലം ലോകത്തെ വലയം ചെയ്തിരിക്കുന്നു. ഈ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗത്തിന് ലോകം ഇന്ന് ഭാരതത്തെയാണ് പ്രതീക്ഷയോടെ കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള പ്രതിസന്ധികളില്‍ നിന്ന് പുറത്തുവരാന്‍ ഭാരതം മുന്നോട്ടുവയ്‌ക്കുന്ന മൂന്നാം പാതയിലൂടെ ലോകം സഞ്ചരിക്കണം. ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ മാര്‍ഗമാണത്. ലോകത്തെ പ്രചോദിപ്പിക്കാന്‍ ഹിന്ദുസമൂഹം തനിമ തിരിച്ചറിഞ്ഞ് ഉണരണം. നമ്മുടെ അറിവ് ശാസ്ത്രങ്ങളുടെ ശാശ്വത ജ്ഞാനത്തില്‍ വേരൂന്നിയതാണ്. ആരെയും കീഴടക്കാതെ തന്നെ ലോകമാകെ സ്വാധീനം സൃഷ്ടിച്ച പാരമ്പര്യമാണ് നമ്മുടേത്. എന്നാല്‍ അലംഭാവവും സങ്കുചിതത്വവും യഥാര്‍ത്ഥ ധാര്‍മിക മൂല്യങ്ങളെ അവഗണിക്കുന്നതിലേക്ക് നമ്മളെ നയിച്ചുവെന്ന് സര്‍സംഘചാലക് പറഞ്ഞു.
ഒരുതരത്തിലുള്ള വിവേചനത്തിനും ധാര്‍മ്മികമായ അടിത്തറയോ അനുമതിയോ ഇല്ലെന്ന് ഉഡുപ്പിയില്‍ ഒത്തുകൂടിയ ഹിന്ദു സംന്യാസിമാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സമൂഹം സജ്ജമാകണം. യഥാര്‍ത്ഥ ഹിന്ദു ലോകവീക്ഷണത്തെ സാമൂഹികബോധത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയണം. എതിരാളികളോടും ശത്രുത പുലര്‍ത്താത്ത ഒരു ലോകവീക്ഷണമാണ് ഭാരതത്തിന്റേത്. ലൗകിക ഉത്തരവാദിത്തങ്ങള്‍ നിരസിക്കാതെതന്നെ നീതിപൂര്‍വകമായ പ്രവൃത്തി, സാമൂഹിക അഭിവൃദ്ധി, പുരുഷാര്‍ത്ഥങ്ങളുടെ പാലനം എന്നിവയിലാണ് യഥാര്‍ത്ഥ ധര്‍മ്മം ഊന്നുന്നത്. ധര്‍മ്മം മതപരമായ ആചാരങ്ങളേക്കാള്‍ ആഴമേറിയതാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലത്തെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വാമി വിജ്ഞാനാനന്ദ തയാറാക്കിയ ദി ഹിന്ദു മാനിഫെസ്റ്റോ ദല്‍ഹിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്. സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. പ്രേരണ മല്‍ഹോത്ര, ദല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. യോഗേഷ് സിങ്, രാഷ്‌ട്രീയ വാത്മീകി മന്ദിര്‍ മഹന്ത് സ്വാമി കൃഷ്ണഷാ വിദ്യാര്‍ത്ഥി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: